തമിഴ്‌നാട് ഓഡിയോ ടേപ്പ് വിവാദം: സ്റ്റാലിനെതിരെ ADMK

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മകൻ ഉദയ്നിധിയുടെയും മരുമകൻ ശബരീശന്റെയും സ്വത്തുവിവരങ്ങളെക്കുറിച്ച് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ (പിടിആർ) ചില ‘വെളിപ്പെടുത്തൽ’ നടത്തിയെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് വിവാദം ആളിക്കത്തുന്നു. വിഷയത്തിൽ സ്റ്റാലിൻ തുടരുന്ന മൗനം ദുരൂഹതയുണ്ടാക്കുന്നുവെന്ന് അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറി എടപ്പാടി കറുപ്പ പളനിസ്വാമി (ഇപിഎസ്) പറഞ്ഞു.

“എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി പറയാത്തത്? മകനും മരുമകനും എതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാത്തത് സംശയത്തിലേക്ക് നയിക്കുന്നു,” പളനിസ്വാമി പറഞ്ഞു.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന ഘടകം രാജ്ഭവനിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് എഡിഎംകെയുടെ ആരോപണം. അതേസമയം തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെന്ന് മന്ത്രി പളനിവേൽ ത്യാഗ രാജൻ വ്യക്തമാക്കിയിരുന്നു.

“മൂന്ന് ദിവസത്തേക്ക് ഞങ്ങൾ ഒന്നും പറഞ്ഞില്ല, എന്നാൽ ധനമന്ത്രി പ്രതികരിച്ചതോടെ ഞങ്ങൾക്ക് സംശയമായി. ശബരീശനും ഉദയനിധി സ്റ്റാലിനും 30,000 കോടി രൂപ എന്ത് ചെയ്യുമെന്ന് ചിന്തിക്കുകയാണെന്ന് ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രി. അത് ശരിക്കും അപകടകരമാണ്. അവർ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്രം അന്വേഷിക്കണം. ഇന്നലെ നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഓഡിയോ കേട്ടു,” ഇപിഎസ് പറഞ്ഞു.

വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇപിഎസ് കൂടിക്കാഴ്ച നടത്തി. ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ തമിഴ്‌നാട് ബിജെപിയും എഐഎഡിഎംകെയും തമ്മിൽ ഉടലെടുത്ത വിവിധ വിഷയങ്ങൾ പരിഹരിച്ചതായാണ് റിപ്പോർട്ട്. 2019ൽ തുടങ്ങിയ ബിജെപിയുമായുള്ള സഖ്യം ഇനിയും തുടരുമെന്നും ഇപിഎസ് ഉറപ്പുനൽകി.