ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിൽ എത്തിച്ച ആൺ ചീറ്റ ചത്തു

ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചത്തു. മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ജെഎസ് ചൗഹാൻ മരണം സ്ഥിരീകരിച്ചു, ചികിത്സയ്ക്കിടെയാണ് ഉദയ് എന്ന ആൺ ചീറ്റ ചത്തതെന്നാണ് റിപ്പോർട്ടുകൾ. “ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന മറ്റൊരു ചീറ്റ, കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ചത്തു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല,” ജെഎസ് ചൗഹാൻ പറഞ്ഞു.

ഞായറാഴ്‌ച രാവിലെയാണ്‌ ചീറ്റയ്‌ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി വനപാലകസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന് ഇതിനെ മെഡിക്കൽ സെന്ററിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വൈകീട്ട് നാലോടെയാണ് ചീറ്റ ചത്തത്.

വെറ്ററിനറി സംഘം ഇന്ന് ചീറ്റയുടെ പോസ്‌റ്റുമോർട്ടം നടത്തും. ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തുകയും ചെയ്യും. ഈ വർഷം ഫെബ്രുവരി 18ന് മറ്റ് 11 ചീറ്റകൾക്കൊപ്പമാണ് ഉദയിയെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോയിലേക്ക് കൊണ്ടുവന്നത്.

കുനോ നാഷണൽ പാർക്കിൽ ഇത് രണ്ടാമത്തെ ചീറ്റയാണ് മരണപ്പെടുന്നത്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി ആകെ ഇരുപത് ചീറ്റകളെയാണ് കൊണ്ടുവന്നത്. നമീബിയയിൽ നിന്ന് കഴിഞ്ഞ വർഷം കുനോ നാഷണൽ പാർക്കിൽ കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിൽ ഒന്നായ സാഷ മാർച്ചിൽ മരണപ്പെട്ടിരുന്നു. ഇന്നലെ രണ്ടാമത്തെ ചീറ്റ കൂടി ചത്തതോടെ ഇവയുടെ എണ്ണം 18 ആയി കുറഞ്ഞു.