രാജസ്ഥാനിലെ ബിജെപിയുടെ അഴിമതിയിൽ നടപടി വേണമെന്ന ആവശ്യം ആവർത്തിച്ച് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. തന്റെ ഏകദിന ഉപവാസം തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൈലറ്റ് പറഞ്ഞു. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതിനെ പോലും പാർട്ടി വിരുദ്ധ പ്രവർത്തനമെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോൾ കോൺഗ്രസ് വസുന്ധര രാജെയുടെ ഭരണകാലത്തെ അഴിമതി വിഷയം ഉന്നയിച്ചുവെന്നും, അക്കാര്യം പറഞ്ഞാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. “അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുക എന്നത് കോൺഗ്രസ് പാർട്ടിയുടെ മൂല്യങ്ങളിൽ പെട്ടതാണ്. ഈ മൂല്യങ്ങൾ പാലിച്ച് ഏപ്രിൽ 11ന് ഞാൻ ഏകദിന ഉപവാസം ആചരിച്ചു. ഇന്ന് രണ്ടാഴ്ച പിന്നിടുന്നു, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.” ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് പൈലറ്റ് പറഞ്ഞു. അഴിമതിക്കാരായ നിരവധി ഐഎഎസ്, ഐപിഎസ്, ആർഎഎസ്, മറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് നമ്മൾ പറഞ്ഞത് വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതിക്കെതിരെ നടപടിയെടുക്കുമെന്നാണ് അത് കേട്ടാണ് ജനങ്ങൾ ഞങ്ങൾക്ക് വോട്ട് നൽകിയത്. അതിനാൽ വിഷയത്തിൽ നടപടിയെടുക്കാൻ ഞാൻ വീണ്ടും വിനീതമായി അപേക്ഷിക്കുന്നു. ” അദ്ദേഹം പറഞ്ഞു. അതേസമയം വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃപ്രശ്നം പരിഹരിക്കാൻ പാർട്ടിയെ സമ്മർദത്തിലാക്കാനുള്ള ശ്രമമായാണ് സച്ചിൻ പൈലറ്റിന്റെ സമരത്തെ കോൺഗ്രസ്സ് വിലയിരുത്തുന്നത്.