ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണ്: സിദ്ധരാമയ്യ

കര്‍ണാടകയില്‍ തൂക്കു നിയമസഭ വരുമെന്ന പ്രവചനം തള്ളി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസിന് 130 സീറ്റുകള്‍ ലഭിക്കും. സംസ്ഥാനത്ത് ശക്തമായി ഭരണവിരുദ്ധ വികാരമുണ്ട്. ബിജെപി ഭരണത്തില്‍ അഴിമതിയും ദുര്‍ഭരണവും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ മടുത്തുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയ്ക്ക് ‘ഇരട്ട എഞ്ചിന്‍’ എന്താണ് നല്‍കിയതെന്ന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ ചോദിച്ചു. കര്‍ണാടകയ്ക്ക് 5495 കോടി രൂപ പ്രത്യേക ഗ്രാന്റ് നല്‍കാന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ധനമന്ത്രിയുടെ ഉപദേശപ്രകാരം അന്തിമ റിപ്പോര്‍ട്ട് നഷ്ടപ്പെട്ടു. പ്രതിവര്‍ഷം 4 ലക്ഷം കോടിയിലധികം സംസ്ഥാനത്ത് നിന്ന് ശേഖരിക്കപ്പെടുന്നുണ്ട്.  50,000 കോടി മാത്രമാണ് സംസ്ഥാനത്തിന് നല്‍കിയത്.

മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ തീരുമാനിക്കും. താനും ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുണ്ട് എന്നല്ല ഇതിനര്‍ഥം. ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. കൂട്ടുത്തരവാദിത്വത്തോടെ ജനങ്ങളിലേക്ക് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അധികാരത്തിലെത്തിയതിന് ശേഷം ടിപ്പു ജയന്തി പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് താന്‍ ഏകാധിപതിയല്ലാത്തതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എംഎല്‍എമാരുമായും മന്ത്രിസഭായോഗവുമായും ആലോചിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.