വ്യവസായി ഗൗതം അദാനി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ പവാറിന്റെ വസതിയായ സിൽവർ ഓക്കിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട വാതിൽ ചർച്ചകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി വൃത്തങ്ങൾ അറിയിച്ചു.
ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാർ ബിജെപിയുമായി കൈകോർക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെയാണ് യോഗം നിർണായകമായത്. ഹിൻഡൻബർഗ് റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അദാനിയെ കടന്നാക്രമിച്ചിട്ടും ശരദ് പവാർ അടുത്തിടെ ഒരു അഭിമുഖത്തിൽ അദാനിയെ ന്യായീകരിച്ചു എന്നത് ഏറെ പ്രതിശേഷങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരി കൊളുത്തിയിരുന്നു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധത്തെ ചോദ്യം ചെയ്തു, ഇത് രാജ്യത്തുടനീളം വലിയ രാഷ്ട്രീയ ചുഴലിക്കാറ്റിന് കാരണമായി. ബജറ്റ് സമ്മേളനത്തിനിടെ അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അടുത്ത ദിവസം, ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവിക്ക് പവാർ നൽകിയ അഭിമുഖത്തിൽ , ‘കേസ് സുപ്രീം കോടതിയിൽ നടക്കുന്നതിനാൽ ജെപിസി എന്ന ആവശ്യം പ്രായോഗികമല്ലെന്ന്’ അദ്ധെഅഹം പറഞ്ഞിരുന്നു.
ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയും ഉറച്ചുനിന്നതോടെ അദ്ദേഹം ഒരു പടി പിന്നോട്ട് പോയി. മഹാരാഷ്ട്രയിൽ കോൺഗ്രസും ഉദ്ധവ് താക്കറെയുടെ സേനയുമായും പവാറിന്റെ എൻസിപി സഖ്യത്തിലാണ്. ഇതിനിടയിലാണ് ശരദ് പവാറും ഗൗതം അദാനിയും ഇന്ന് കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചുലച്ചത്. 2022 ജൂൺ 16 ന് മഹാരാഷ്ട്രയിലെ അധികാരമാറ്റത്തിന്റെ തലേന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബാരാമതിയിൽ പവാറിന്റെ ഒരു പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു അദാനി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശരദ് പവാർ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടാത്തതിനാൽ ബിജെപിയിൽ ചേരാനുള്ള അജിത് പവാറിന്റെ പദ്ധതി പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പവാറും അദാനിയും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച സംസ്ഥാനത്തെ ഭാവി രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വളരെ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
താക്കറെ ക്യാമ്പിൽ നിന്നുള്ള എംപിയായ സഞ്ജയ് റാവത്ത് പോലും അദാനി പോയി മണിക്കൂറുകൾക്ക് ശേഷം ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു. 30 മിനിറ്റോളം റാവുത്ത് അവിടെയുണ്ടായിരുന്നു, പാർട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ എൻസിപിയുടെ അടുത്ത നടപടിയെക്കുറിച്ച് ചർച്ച ചെയ്തേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.