യുപി ഏറ്റുമുട്ടല്‍; അസദിന്റെ മൃതദേഹം സംസ്‌കരിച്ചു

യുപി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അസദിന്റെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ പ്രയാഗ് രാജിലെ കസരി മസാരി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. 200 ലധികം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. പ്രയാഗ് രാജിലെ ചകിയ ഏരിയയിലുള്ള ആതിഖിന്റെ വീടിന് സമീപത്തും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ 19 കാരനായ അസദിനെയും ആതിഖ് അഹമ്മദിന്റെ സഹായികളിലൊരാളായ ഗുലാമിനെയും ഏപ്രില്‍ 13 നാണ് ഉത്തര്‍പ്രദേശ് പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഝാന്‍സിയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രയാഗ് രാജിലെ പിതാവിന്റെ വസ്തുവിന് സമീപമാണ് അസദിനെ സംസ്‌കരിച്ചത്. എന്നാല്‍ ഗുലാമിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് മറ്റെവിടെയെങ്കിലും ഗുലാമിന്റെ സംസ്‌കാരം നടത്തുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.

കനത്ത പോലീസ് സുരക്ഷയ്ക്കിടയില്‍ അസദിന്റെ ഏതാനും ബന്ധുക്കളെയും നാട്ടുകാരെയും മാത്രമാണ് ശ്മശാനത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഒരു മണിക്കൂറോളം നീണ്ടുനിന്നതായും സംസ്‌കാരച്ചടങ്ങില്‍ അസദിന്റെ 20-25 ഓളം ബന്ധുക്കള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

‘അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയായി. അത് ഒരു മണിക്കൂറോളം നീണ്ടു നിന്നു. ആതിഖിന്റെ ഏതാനും അകന്ന ബന്ധുക്കളെയും പ്രദേശവാസികളില്‍ ചിലരെയും ശ്മശാനത്തിലേക്ക് കടത്തിവിട്ടിരുന്നു. സുരക്ഷയ്ക്ക് ഇത് അനിവാര്യമായിരുന്നു, പ്രയാഗ് രാജ് ജോയിന്റ് പോലീസ് കമ്മീഷണര്‍ ആകാശ് കുല്‍ഹാരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.