ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള പട്ടികയിൽ ഇടം നേടി ഈ ഇന്ത്യൻ നഗരവും, കൂടുതൽ വിവരങ്ങൾ അറിയാം

ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ജർമ്മനിയിലെ ബെർലിൻ നഗരമാണ്. കൂടാതെ, ഇന്ത്യയിൽ നിന്ന് മുംബൈ നഗരവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പത്തൊമ്പതാം സ്ഥാനമാണ് ഇന്ത്യൻ നഗരമായ മുംബൈ നേടിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം ഔട്ട് എന്ന മീഡിയ ഔട്ട്‌ലെറ്റാണ് സർവ്വേ സംഘടിപ്പിച്ചത്. ലോകത്തിലെ വിവിധയിടങ്ങളിലുള്ള അമ്പതോളം നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ 5 ഏഷ്യൻ രാജ്യങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. ബെർലിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗും, ജപ്പാനിലെ ടോക്കിയോയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടംപിടിച്ചു. സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സുരക്ഷയുള്ളതും തൃപ്തികരവുമായ പൊതുഗതാഗത സൗകര്യമുള്ള നഗരം ബെർലിനാണെന്നാണ് അറിയിച്ചിട്ടുള്ളത്. ബെർലിൻ, പ്രാഗ്, ടോക്കിയോ, കോപ്പൻഹെഗൻ, സ്റ്റോക്ക്ഹോം, സിംഗപ്പൂർ, ഹോങ്കോങ്, തായ്പേയ്, ഷാങ്ഹായ്, ആംസ്റ്റർഡാം എന്നിങ്ങനെയാണ് ആദ്യ പത്ത് നഗരങ്ങൾ.