ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ സമര്‍ സിങ് അറസ്റ്റില്‍. ഗാസിയാബാദില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരണത്തിന് പിന്നാലെ സമര്‍ സിങ്ങിനും സഹോദരന്‍ സഞ്ജയ് സിങ്ങിനുമെതിരെ നടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. മാര്‍ച്ച് 26 ന് വാരണാസിയിലെ ഹോട്ടല്‍ മുറിയിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലൈക് ഹൂന്‍ മെയ് നലൈക് നഹിന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് രണ്ട് പ്രതികളെയും കണ്ടെത്താന്‍ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്.
സമര്‍ സിംഗ് അറസ്റ്റില്‍
സമര്‍ സിങ്ങ് ആകാന്‍ക്ഷ ദുബെയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് അമ്മ ആരോപിച്ചിരുന്നു. മാര്‍ച്ച് 21 ന് സഞ്ജയ് സിംഗ് ആകാന്‍ക്ഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി തന്നെ ഫോണിലൂടെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ സമര്‍ സിങ്ങിന്റെ സഹോദരന്‍ സഞ്ജയ് സിംഗിനെയും മറ്റൊരു പ്രതിയാക്കി. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സമര്‍ വിദേശത്തേക്ക് പറക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇതോടെ ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ എല്ലാ വിമാനത്താവളങ്ങളിലും വിവരം അറിയിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കും മറ്റ് വകുപ്പുകളും ചുമത്തി സമറിനും സഹോദരനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സാരാനാഥ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ധര്‍മപാല്‍ സിംഗ് പറഞ്ഞു. ആകാംക്ഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍.
വൈറലായ ഇന്‍സ്റ്റഗ്രാം ലൈവ്
വരാനിരിക്കുന്ന ഒരു പ്രോജക്റ്റിന്റെ ചിത്രീകരണത്തിനായാണ് ആകാന്‍ക്ഷ വാരണാസിയില്‍ എത്തിയത്. ചിത്രീകരണത്തിന് ശേഷം നടി സാരാനാഥ് ഹോട്ടലിലേക്ക് പോയി. ഈ ഹോട്ടല്‍ മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാം ലൈവില്‍ ആകാന്‍ക്ഷ നിര്‍ത്താതെ കരയുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരുന്നില്ല. പവന്‍ സിംഗിനൊപ്പമുള്ള മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് നടി ആത്മഹത്യ ചെയ്തത്. പിന്നാലെ നടി ലൈവില്‍ വന്ന് കരയുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
നടിക്ക് 2018 ല്‍ വിഷാദരോഗം ബാധിച്ചിരുന്നു. ഇത് കൂടാതെ അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നടി തിരിച്ചുവരവ് നടത്തിയത്. മടങ്ങിയെത്തിയ ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തില്‍ അമ്മ തന്നെ സഹായിച്ചതായി നടി പറഞ്ഞിരുന്നു. ഭോജ്പുരി സിനിമയിലെ ജനപ്രിയ താരമായിരുന്നു ആകാന്‍ക്ഷ. പതിനേഴാം വയസ്സില്‍ മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മുജ്സെ ഷാദി കരോഗി (ഭോജ്പുരി), വീരോണ്‍ കെ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പൈഡ കര്‍നെ കെഐ 2 എന്നിവയിലും മറ്റ് പ്രോജക്റ്റുകളിലും നടി അഭിനയിച്ചു.