ഇന്ത്യയുടെ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു'

സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതികരണവുമായി ഓക്സ്ഫാം ഇന്ത്യ. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായി അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ജിഒ പ്രസ്താവനയിറക്കി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് (എഫ്സിആര്‍എ) റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമപരമായ കാര്യങ്ങളും തുടക്കം മുതല്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഓക്സ്ഫാമിന്റെ കുടക്കീഴിലുള്ള എന്‍ജിഒകളുടെ ആഗോള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ വരുന്നത്.

2021 ഡിസംബറില്‍ FCRA രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ Oxfam India എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിക്കുന്നുണ്ട്. FCRA രജിസ്‌ട്രേഷന്‍ പുതുക്കാത്ത തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ജിഒ ചൂണ്ടിക്കാട്ടി. വിദേശ സംഭാവന (റെഗുലേഷന്‍) ഭേദഗതി നിയമം 2020 പ്രാബല്യത്തില്‍ വന്നപ്പോഴും ഓക്‌സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശ സംഭാവനകള്‍ കൈമാറുന്നത് തുടര്‍ന്നുവെന്നാണ് ആരോപണം. 2010ലെ എഫ്സിആര്‍എയുടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് മറ്റ് എന്‍ജിഒകള്‍ക്ക് ഫണ്ട് കൈമാറിയതെന്നും പറയപ്പെടുന്നു. 2021-ല്‍ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാം ഇന്ത്യയുടെ വിദേശ ധനസഹായം തടഞ്ഞു. പിന്നാലെ വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലൈസന്‍സും റദ്ദാക്കി.