ഉമേഷ് പാൽ വധക്കേസിൽ ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരൻ അഖ്ലാഖ് അഹമ്മദിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) പ്രയാഗ്രാജ് പോലീസും സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകികൾക്ക് പണം നൽകിയതിൽ അഖ്ലാഖ് അഹമ്മദിന് പ്രധാന പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഫെബ്രുവരി 24നാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. 2005ൽ നടന്ന ബിഎസ്പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
ഉമേഷ് പാൽ വധക്കേസിൽ മീററ്റ് സ്വദേശിയായ അഖ്ലാഖ് അഹമ്മദിനെ പോലീസ് ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും വെറുതെ വിടുകയും ചെയ്തിരുന്നു. ഇപ്പോൾ മീററ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2006ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാസംഘത്തിൽപ്പെട്ട അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും എംപി-എംഎൽഎ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. അഹമ്മദിന്റെ സഹോദരൻ അഷ്റഫ് എന്ന ഖാലിദ് അസിമിനെയും മറ്റ് ആറ് പേരെയും കോടതി വെറുതെവിട്ടിരുന്നു.
മുൻ സമാജ്വാദി പാർട്ടി (എസ്പി) എംപിക്കെതിരെ വർഷങ്ങളായി 100ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആതിഖ് അഹമ്മദിന് ലഭിക്കുന്ന ആദ്യ ശിക്ഷയാണിത്. കോടതിയിൽ വാദം കേൾക്കുന്നതിനായി ആതിഖ് അഹമ്മദിനെ സബർമതി ജയിലിൽ നിന്ന് റോഡ് മാർഗം പ്രയാഗ്രാജിലെത്തിച്ചു. വിചാരണയ്ക്കുമുമ്പ് നൈനി ജയിലിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഇയാളെ അഹമ്മദാബാദിലെ സബർമതി ജയിലിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസ്
2005 ജനുവരി 25ന് ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ടതിന് ശേഷം അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഉമേഷ് പാൽ കൊലപാതകത്തിന് സാക്ഷിയാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ആതിഖ് അഹമ്മദിന്റെ സമ്മർദ്ദത്തിന് വഴങ്ങി പിൻവാങ്ങാൻ വിസമ്മതിച്ചപ്പോൾ, 2006 ഫെബ്രുവരി 28-ന് തോക്ക് ചൂണ്ടി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി.
ഈ സംഭവത്തിൽ 2007 ജൂലൈ 5ന് അഹമ്മദിനും അദ്ദേഹത്തിന്റെ സഹോദരനും മറ്റ് ഒമ്പത് പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 11 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അവരിൽ ഒരാൾ പിന്നീട് മരിച്ചു. ഉമേഷ് പാലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ജയിലിൽ കഴിഞ്ഞ് കൊണ്ട് തന്നെ ഇവർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഉമേഷ് പാലിന്റെ കൊലപാതകം
ഫെബ്രുവരി 24ന് പ്രയാഗ്രാജിൽ വീടിന് പുറത്ത് വെച്ച് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചു. ആതിഖ് അഹമ്മദിനും സഹോദരൻ അഷ്റഫിനും ഉമേഷ് പാലിനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഫുൽപൂരിൽ നിന്നുള്ള മുൻ സമാജ്വാദി പാർട്ടി എംപിയും അഞ്ച് തവണ എംഎൽഎയുമാണ് ആതിഖ് അഹമ്മദ്. നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
2005ൽ നടന്ന ബിഎസ്പി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. മുൻ എംപി ആതിഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദിനെ പരാജയപ്പെടുത്തി അലഹബാദ് (വെസ്റ്റ്) നിയമസഭാ സീറ്റിൽ വിജയിച്ച് മാസങ്ങൾക്ക് ശേഷമാണ് രാജു പാൽ കൊല്ലപ്പെട്ടത്.