ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ബിൽഡിംഗ് ഓഫീസർ, ബിൽഡിംഗ് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മേയർ പുഷ്യമിത്ര ഭാർഗവയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. പട്ടേൽ നഗറിയിലെ ബലേശ്വർ മഹാദേവക്ഷേത്രത്തിൽ രാംനവമി ആഘോഷങ്ങൾക്കിടയിലാണ് ക്ഷേത്രക്കിണർ ഇടിഞ്ഞത്. അപകടത്തിൽ 36 പേരാണ് മരിച്ചത്.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പുറമേ, ക്ഷേത്ര ഭരണസമിതിയിലെ രണ്ട് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സേവറാം ഗലാനി, സെക്രട്ടറി മുരളീകുമാർ സബ്നാനി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കിണറിനു മുകളിലുള്ള സ്ലാബ് ബലഹീനമായി കണ്ടെത്തിയതിനെ തുടർന്ന് അവ ഉടൻ തന്നെ പൊളിച്ചുമാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് നൽകിയിരുന്നു.