കർണാടകയിൽ കോൺഗ്രസും ബിജെപിയും തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്ന് ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി. മെയ് 10 ന് തിരഞ്ഞെടുപ്പ് വിധി വന്നാൽ തങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ആവശ്യമായി വന്നേക്കാമെന്നതിനാൽ കോൺഗ്രസും ബിജെപിയും പാർട്ടിയെ തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് കുമാരസ്വാമി അവകാശപ്പെടുന്നത്. എന്നാൽ, “ഇത്തവണ തന്റെ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി സംസ്ഥാനത്ത് സ്വതന്ത്ര സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ അനുഗ്രഹിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജെഡി(എസ്)നോട് അടുക്കാനും അതിന്റെ ആത്മവിശ്വാസം നേടാനും ഇരു പാർട്ടികളും തമ്മിൽ മത്സരമുണ്ട്. വ്യക്തമായ ഭൂരിപക്ഷത്തോടെ പാർട്ടി ഭരണത്തിൽ വരുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2018ൽ സംഭവിച്ചതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തൂക്കുവിധി വന്നാൽ ഉയർന്നുവന്നേക്കാവുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റുകളിൽ 123 സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ജെഡി(എസ്) ഇത്തവണ സ്വതന്ത്ര സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിടുന്നത്.