രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സർക്കാർ ഡോക്ടർമാരും സമരമുഖത്തേക്ക്

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സമരം ചെയ്യുന്ന സ്വകാര്യ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും ഒരു ദിവസത്തെ കൂട്ട അവധി പ്രഖ്യാപിച്ചതോടെ മെഡിക്കൽ സേവനങ്ങൾ പ്രതിസന്ധിയിൽ. എന്നാൽ സമരത്തിൽ നിന്ന്  അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ പാസാക്കിയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഡോക്ടർമാർ സമരം നടത്തുന്നത്.

സ്വകാര്യ ഡോക്ടർമാരുടെ പണിമുടക്ക് കാരണം രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണം സർക്കാർ ആശുപത്രികളിൽ രോഗികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സമരം കടുപ്പിച്ചതോടെ ഓൾ രാജസ്ഥാൻ ഇൻ-സർവീസ് ഡോക്‌ടേഴ്‌സ് അസോസിയേഷനും സ്വകാര്യ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചു. ആരോഗ്യ അവകാശ ബില്ലിനെതിരായ സ്വകാര്യ ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് 15,000-ലധികം സേവനത്തിലുള്ള (സർക്കാർ) ഡോക്ടർമാർ ഒരു ദിവസത്തെ കൂട്ട അവധിയിൽ പ്രവേശിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ശങ്കർ ബാംനിയ പറഞ്ഞു.

സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നതായി പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് സൊസൈറ്റി സെക്രട്ടറി ഡോ.വിജയ് കപൂർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതുവരെ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കപൂർ പറഞ്ഞു. പരസ്യങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നതിന് പകരം സമരം ചെയ്യുന്ന ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കണമെന്നും അദ്ദേഹം  പറഞ്ഞു.  ചീഫ് സെക്രട്ടറി ഉഷ ശർമ്മയും മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരും ഞായറാഴ്ച സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി ഓപ്പറേറ്റർമാരുടെ പ്രതിനിധി സംഘവുമായി ചർച്ച നടത്തുകയും ബില്ലുമായി ബന്ധപ്പെട്ട അവരുടെ നിർദ്ദേശങ്ങളിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ബില്ല് പിൻവലിക്കാതെ സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ.