ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലത്തിനുള്ള സ്ഥാനം അവർണ്ണനീയമാണ്. ഗംഗാജലമില്ലാതെ ഒരു പൂജയും പൂർണ്ണമാകുന്നില്ല. വളരെ പണ്ട് മുതൽക്കേ ഗംഗയെ മന്ത്രങ്ങളാലും, കീർത്തനത്താലും പവിത്രയാക്കി ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു. എന്തൊക്കെ ഘടകങ്ങൾ ആണ് ഇതിന് പിന്നിൽ ഉള്ളതെന്ന് നോക്കാം .
ഗംഗയുടെ ഉത്ഭവത്തെപറ്റി പറയുകയാണെങ്കിൽ, ഐതീഹ്യ പ്രകാരം ഭഗീരഥനാണ് ഗംഗയെ ഭൂമിയിലേക്ക് കൊണ്ട് വന്നത് എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഗംഗയ്ക്ക് ഭാഗീരഥി എന്നും പേരുണ്ട്. ബ്രഹ്മ തീർത്ഥമായിരുന്ന ഗംഗ സ്വർഗ്ഗത്തിൽ നിന്നും താഴേക്ക് പതിച്ചു മഹാവിഷ്നുവിന്റെ ഇടത് കാൽവിരലിലൂടെ കുത്തി ഒഴുകി എന്ന് കരുതുന്നു. പുരാണങ്ങൾ പ്രകാരം ഗംഗയുടെ പ്രഭവസ്ഥാനം ഭാഗീരഥി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഹിമാലയത്തിലെ ഗവുമുഖ് എന്ന സ്ഥലമാണ്. ഈ ഭാഗീരഥി 75 സ്ക്വയർ മൈലോളം പരന്നു കിടക്കുന്നു.
ഭാഗീരഥി ദേവപ്രയാഗിലെ അളഗനന്ദയുമായി കൂടി ചേർന്ന് ഗംഗ എന്ന പേര് ലഭിച്ചു എന്ന് കരുതുന്നു. ത്രിമൂർത്തികളുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, സൃഷ്ടിക്കായി ബ്രഹ്മാവ് ഗംഗാജലത്തെ തന്റെ കമണ്ഡലത്തിൽ വച്ചിരുന്നു എന്നും, അദ്ദേഹം ത്രിവിക്രമ അവതാരത്തിൽ അത് മഹാവിഷ്നുവിന്റെ പാദം കഴുകാൻ ഉപയോഗിച്ചു എന്നുമാണ്.
വേദവ്യ മഹർഷി ആണ് കലി യുഗത്തിൽ തിന്മയ്ക് എതിരെ ആദ്യം ഗംഗ ജലം ഉപയോഗിക്കുന്നത്. ഗംഗാ ജലത്തിൽ മുങ്ങി കുളിക്കുന്നതിലൂടെ ജന്മ ജന്മാന്തര പാപ മോചനം ലഭിക്കും എന്ന് കരുതുന്നു. ഗംഗയിൽ ഭസ്മം ഒഴുക്കുന്നത് വഴി ആത്മാവിന് മോചനം ലഭിക്കുന്നു. ഗംഗാ ജലത്തിന് നിരവധി ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്നും, പ്രത്യേക ഒരു വൈബ്രേഷൻ ഉള്ളതിനാലാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത് എന്നും കരുതുന്നു.