ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെ ഇയാള്‍ നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. അമൃത്പാല്‍ സിംഗിന് സംരക്ഷണം നല്‍കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കരുതെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെടാനിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി വഴിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത് പാല് സിങ്ങിന്റ ബന്ധു അടക്കം 7 പേരെ കൂടി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 4 പ്രതികളെ ഞായറാഴ്ച ദിബ്രു ഗഡില്‍ എത്തിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ടാണ് അമൃത് പാല് സിങ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനു മുന്‍പ് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷനിലും സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രതിഷേധിച്ചതും ഇതേ സംഘമാണ്. അവര്‍ വിളിച്ചത് അമൃത് പാല് സിങ് സിന്ദാബാദ് മുദ്രാവാക്യങ്ങളാണ്. പോയ ദിവസങ്ങളില്‍ രണ്ടാം ഭിന്ദ്രന്‍ വാലയെന്നും ഇന്ത്യന്‍ ബിന്‍ ലാദന് എന്നും അമൃത്പാല്‍ സിംഗിന് വിളിപ്പേരുണ്ട്.