മുൻ ഭാര്യയ്‌ക്കെതിരെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി: കാരണം ഇത്

മുംബൈ: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. മുൻ ഭാര്യ ആലിയ, സഹോദരൻ ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് നവാസുദ്ദീൻ കേസ് നൽകിയിരിക്കുന്നത്. നടന്റെ ഹർജി മാർച്ച് 30ന് കോടതി പരിഗണിക്കും.

ആലിയയും ഷംസുദ്ദീനും നടത്തിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകൾ കാരണം തനിക്ക് മാനഹാനിയും ഉപദ്രവവും നേരിട്ടുവെന്നാണ് നവാസുദ്ദീൻ ഹർജിയിൽ പറയുന്നത്. തുടർന്നും തന്നെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് ഇരുവരെയും തടയാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഇരുവരും നടത്തിയ അപകീർത്തികരമായ ആരോപണങ്ങൾ പിൻവലിക്കണമെന്നും ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഇവരെ വിലക്കണമെന്നും നടൻ ആവശ്യപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്തിയതിൽ ഇരുവരും പരസ്യമായി മാപ്പ് പറയണമെന്നും നവാസുദ്ദീൻ ഹർജിയിൽ ആവശ്യപ്പെട്ടു.