പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പറഞ്ഞെന്ന്, പോലീസ് എത്തിയപ്പോൾ സമയമില്ലെന്ന് മറുപടി: രാഹുൽ കർണാടകയിലേക്ക്

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ്, ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. എന്നാൽ താൻ തിരക്കിലാണെന്നും തനിക്ക് ഇപ്പോൾ സമയമില്ലെന്നും പറഞ്ഞ് രാഹുൽ പോലീസിനെ മടക്കി. തന്നോട് തങ്ങൾ പീഡിപ്പിക്കപ്പെട്ടുവെന്ന് നിരവധി യുവതികൾ പരാതി പറഞ്ഞു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ആ യുവതിയെ കുറിച്ചുള്ള വിവരത്തിനാണ് പോലീസ് രാഹുലിനെ തേടിയെത്തിയത്. യുവതിയുടെ പരാതി അന്വേഷിക്കാമെന്നും വേണ്ട നടപടി എടുക്കാമെന്നുമായിരുന്നു പോലീസിന്റെ പക്ഷം. ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ വീട്ടില്‍ എത്തിയത്.

തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു. രാഹുലിന്റെ മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു നോട്ടീസ് നല്‍കിയതിനു ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാല്‍ അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുന്നില്‍ കാത്തുനിന്നത്. ആവശ്യമെങ്കില്‍ രാഹുലിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ വീടിനു പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ പോയതിനു പിന്നാലെ രാഹുലും കാറില്‍ വീട്ടില്‍ നിന്നും പോയി.

ഭാരത് ജോഡ യാത്ര ദൈര്‍ഘ്യമേറിയതായതിനാല്‍, അതില്‍ നടത്തിയ പ്രസ്താവനകള്‍ ഓര്‍മയില്ലെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായതോടെ പീഡനത്തിന് ഇരയായ യുവതികളുടെ വിവരം കൈമാറണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ രാഹുൽ ഗാന്ധി കർണാടകയിലേക്ക് പോയി.