അരുണാചല്‍‌പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചതായി സ്ഥിരീകരണം. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ. ജയന്ത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.

മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നത്. വെസ്റ്റ് കാമെങ് ജില്ലയിലെ സാംഗെ ഗ്രാമത്തിൽ നിന്ന് അസമിലെ സോനിത്പൂർ ജില്ലയിലെ മിസമാരിയിലേക്ക് പോയ ഹെലി തകർന്നുവീണത്.

രാവിലെ 9.15ഓടെയായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം വിഛേദിക്കപ്പെട്ടു. തുടർന്ന് മന്‍ഡാല മലനിരകളിൽ ഹെലികോപ്റ്റർ‌ തകര്‍ന്നതായി കണ്ടെത്തി. പൈലറ്റിനെയും സഹപൈലറ്റിനെയും കാണാതായതോടെ ഇവർക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.