‘ഞങ്ങൾ അധികാരത്തിലെത്തുമ്പോള്‍ കാണിച്ചു തരാം’- കര്‍ണാടക ഡിജിപിയെ ഭീഷണിപ്പെടുത്തി ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക പോലീസ് മേധാവിയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിജിപിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.  ‘ഡി.ജി.പി വെറും പാഴാണ്.  ഇദ്ദേഹത്തിനെതിരെ ഉടന്‍തന്നെ കേസുകൊടുക്കണം. അറസ്റ്റു ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ മാറ്റണം . മൂന്നു വര്‍ഷമായി സര്‍വീസില്‍ തുടരുന്ന ഇദ്ദേഹം കോണ്‍ഗ്രസിനെതിരെ മാത്രമാണ് കേസുകള്‍ എടുക്കുന്നത്. 25 ലേറെ കേസുകള്‍ ഇതിനകം എടുത്തുവെന്നും ശിവകുമാര്‍ ആരോപിച്ചു.

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയില്‍ നടക്കുമെന്നാണ് സൂചന. 224 അംഗ സഭയില്‍ 150 സീറ്റില്‍ വിജയിച്ച്‌ അധികാരത്തില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ജെഡിഎസ് ഇതിനകം 93 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടില്ല.