മൂന്ന് മാസം, മൂന്ന് സ്ത്രീകൾ: റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ വീണ്ടും യുവതിയുടെ മൃതദേഹം – സീരിയല്‍ കില്ലര്‍?

ബംഗളൂരു: ബെംഗളൂരുവിനെ ഞെട്ടിച്ച് റെയിൽവേ സ്റ്റേഷനിൽ വീണ്ടുമൊരു സ്ത്രീയുടെ മൃതദേഹം കൂടി. എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. ഡ്രമ്മിനുള്ളിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. മരിച്ച സ്ത്രീക്ക് 32-35 വയസ്സിനിടയിൽ പ്രായമുണ്ടെന്ന് കർണാടകയിലെ പോലീസ് സൂപ്രണ്ട് (റെയിൽവേ) എസ്.കെ സൗമ്യലത പറഞ്ഞു.

കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. മൂന്ന് മാസത്തിനുള്ളിൽ മൂന്നാമത്തെ കേസാണിത്. ബംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ബെംഗളൂരുവിൽ സമാനമായ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം. ഡിസംബര്‍ രണ്ടാംവാരം എസ്എംവിടി സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചാക്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

സമാന രീതിയില്‍ ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ശക്തമാണ്. കൊല്ലപ്പെത് മൂന്നും സ്ത്രീകളാണ്, കൊലപാതകം നടന്നിരിക്കുന്നതും, ശേഷം മൃതദേഹം ഉപേക്ഷിക്കുന്നത് ഒരേ രീതിയിൽ തന്നെ.