റാലിക്കിടെ ശിവസേന വനിതാ നേതാവിനെ എംഎൽഎ ചുംബിക്കുന്ന വീഡിയോ വ്യാജമായി ഉണ്ടാക്കിയത്! രണ്ടുപേര്‍ അറസ്റ്റിൽ
മുംബൈ: റാലിക്കിടെ ശിവസേന എംഎല്‍എ വനിതാനേതാവിനെ ചുംബിക്കുന്നതിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ എംഎല്‍എയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തുകയും വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശിവസേന ഷിൻഡെ വിഭാഗം എംഎല്‍എ പ്രകാശ് സുര്വെയും പാര്‍ട്ടി വക്താവ് ശീതള്‍ മഹാത്രേയുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മഹാരാഷ്ട്രയിലെ ദഹിസറില്‍ നടന്ന ആശിര്‍വാദ് യാത്രക്കിടെ പ്രകാശ് സുര്‍വെ വനിതാ നേതാവിനെ ചുംബിക്കുന്നതായുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. റാലിക്കിടെ തുറന്ന വാഹനത്തില്‍ നില്ക്കുന്ന സുര്‍വെ സമീപത്തുള്ള ശീതള്‍ മഹാത്രേയുടെ നേര്‍ക്ക് ചായുന്നതും രണ്ടുതവണ ചുംബിക്കുന്നതും തുടര്‍ന്ന് നോക്കി ചിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.
സുര്‍വെയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനായി മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചതാണെന്ന ആരോപണവുമായി സുര്‍വെയുടെ കുടുംബം രംഗത്തെത്തി. ശനിയാഴ്ച രാത്രിയാണ് വീഡിയോ വൈറലായത്. സുര്‍വെയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ഐപിസി, ഐടി ആക്ട് എന്നിവയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ മോര്‍ഫ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതായി പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.