മതിയായി, കോൺഗ്രസുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് എസ്പി: ഇത്തവണ രാഹുലിനെതിരെയും സ്ഥാനാർത്ഥി

ലഖ്‌നൗ: 2024 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുൽ മത്സരിക്കുമെങ്കിൽ അവിടെയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നല്‍കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ അമേഠിയില്‍ സ്ഥാനാർത്ഥിയെ നിർത്താതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നല്‍കുകയായിരുന്നു എസ്പി. എന്നാല്‍ ഇത്തവണ ആ രീതി പിന്തുടരണ്ടായെന്നാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഹകരണങ്ങള്‍ എസ്പി പൂർണ്ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കുന്നു.

മറുവശത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് എസ് പി തീരുമാനം തിരിച്ചടിയുമാണ്. അച്ഛന്‍ രാജീവ് ഗാന്ധി 1981 മുതല്‍ 91 വരെ തുടർച്ചയായി നാല് തവണ വിജയിച്ച അമേഠിയില്‍ നിന്നും മൂന്ന് തവണ ലോക്സഭയിലേക്ക് എത്തിയ നേതാവായിരുന്നു രാഹുല്‍. 1999 ല്‍ സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തില്‍ വിജയിച്ചിരുന്നതെങ്കില്‍ 2004 അവർ റായിബറേലിയിലേക്ക് മാറുകയും രാഹുല്‍ അമേഠിയില്‍ മത്സരിക്കുകയുമായിരുന്നു.

അതിശക്തമായ മത്സരത്തിനൊടുവില്‍ 55120 വോട്ടിനായിരുന്നു അമേഠിയില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് തോറ്റത്. രാഷ്ട്രീയമായി രാഹുലിനും കോണ്‍ഗ്രസിനും ഇത് വലിയ തിരിച്ചടിയായപ്പോള്‍ വയനാട്ടിലെ വിജയമാണ് ആശ്വാസമായത്. അമേഠി ഏത് വിധേനയും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഇത്തവണ പിന്തുണയ്ക്കാനില്ലെന്ന തീരുമാനവുമായി സമാജ്‌വാദി പാർട്ടി എത്തുന്നത്.