‘എട്ടാമത്തെ വയസില്‍ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു’: വെളിപ്പെടുത്തലുമായി ഖുശ്ബു

ചെന്നൈ: നടി ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ് സിനിമാലോകം. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അമ്മ വിശ്വസിക്കില്ലെന്ന് കരുതി ആദ്യമൊന്നും പറഞ്ഞില്ലെന്നും താരം വെളിപ്പെടുത്തുന്നു. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 15 വയസ്സുള്ളപ്പോഴാണ് തനിക്ക് ഇതിനെതിരെ ശബ്ദിക്കാൻ കഴിഞ്ഞതെന്നും ഖുശ്‌ബു പറഞ്ഞു.

മോജോ സ്റ്റോറിക്ക് വേണ്ടി ബർഖ ദത്തുമായുള്ള ആശയവിനിമയത്തിൽ, ‘ഏറ്റവും അധിക്ഷേപകരമായ ദാമ്പത്യ’ത്തിലൂടെയായിരുന്നു തന്റെ അമ്മ കടന്നുപോയിരുന്നതെന്നും, അമ്മയെ അച്ഛൻ അടിക്കുമായിരുന്നുവെന്നും ഖുശ്‌ബു പറഞ്ഞു. ‘ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, അത് കുട്ടിയെ ജീവിതകാലം മുഴുവൻ മുറിവേൽപ്പിക്കുന്നു, അത് ഒരു പെൺകുട്ടിയെക്കുറിച്ചോ ആൺകുട്ടിയെക്കുറിച്ചോ അല്ല… ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും തന്റെ ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരാൾ ആയിരുന്നു എന്റെ അച്ഛൻ. എന്നെ ദുരുപയോഗം ചെയ്യുമ്പോൾ എനിക്ക് വെറും 8 വയസ്സായിരുന്നു, എനിക്ക് 15 വയസ്സുള്ളപ്പോൾ അയാൾക്കെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്’, എന്ന് ഖുശ്ബു പറയുന്നു.

അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ 16 വയസില്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. അഭിനേതാവും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് ഖുശ് സുന്ദർ. 2010-ൽ ഡിഎംകെയിൽ ചേർന്ന് രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ അവർ പിന്നീട് കോൺഗ്രസിലേക്ക് മാറുകയും പാർട്ടിയുടെ വക്താവാകുകയും ചെയ്തു. ഒടുവിൽ അവർ ബിജെപിയിൽ ചേരുകയും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തെങ്കിലും ഡിഎംകെയുടെ എൻ എഴിലനോട് പരാജയപ്പെട്ടു. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്‌ബു സുന്ദർ ചുമതലയേറ്റു.