ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി തന്നെ: കനൽതരിയിൽ ഒതുങ്ങി സി.പി.എം, നോക്കുകുത്തിയായി കോൺഗ്രസ്?

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയൊന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഫലം കാണില്ലെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. ത്രിപുരയിലും നാഗാലാന്റിലും ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിൽ വരും. കോൺഗ്രസിന് മേഘാലയ നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. ത്രിപുരയിൽ ബി.ജെ.പി സഖ്യത്തിന് വമ്പൻ വിജയം പ്രതീക്ഷിക്കുമ്പോൾ തകർന്നടിയുന്നത് സി.പി.എം ആണ്.

ത്രിപുരയിൽ 36 മുതൽ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്– സിപിഎം സഖ്യം 6–11 സീറ്റുകളിൽ ഒതുങ്ങും. 60 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ വരുമ്പോൾ സി.പി.എം വീണ്ടും നിരാശയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. തിരിച്ച് വരാനാകുമെന്ന സി.പി.എമ്മിനെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. കനൽ ഒരു തരി മാത്രമായി വീണ്ടും ഒതുങ്ങുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നാഗാലാൻഡിൽ NDPP -BJP സഖ്യത്തിനാണ് വിജയം പ്രവചിക്കുന്നത്. നിലവിൽ പ്രതിപക്ഷമില്ലാത്ത നാഗാലാൻഡിൽ NDPP- BJP സഖ്യം വമ്പൻ ഭൂരിപക്ഷളിൽ അധികാരത്തിൽ വരുമെന്നാണ് നാലു പ്രധാന എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. മേഘാലയയിൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ വ്യാഴാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗലാൻഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ.

മേഘാലയയിൽ എൻഎൻപി അധികാരം തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. എൻഎൻപി 21 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. നാഗാലാൻഡിലും മേഘാലയയിലും 60 സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് പോളിംഗ് നടന്നത്. നാഗാലാൻഡിലെ സുനെബോത്തോയിൽ ബിജെപിയുടെ സ്ഥാനാർഥി കാഷെതോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി എൻകെ സൂമി പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി 10ന് പത്രിക പിൻവലിച്ചതിനെ തുടർന്ന് കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.