ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ 35 പ്രദേശങ്ങളില്‍ മിന്നല്‍ റെയ്ഡ് നടത്തി ഇ.ഡി. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ്, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. അതേസമയം, ഇഡിയുടെ റെയ്ഡിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
മദ്യ കുംഭകോണ കേസില്‍ ഇതുവരെ 103ലധികം റെയ്ഡുകള്‍ നടത്തിയിരുന്നു. കേസില്‍, മദ്യ വ്യവസായിയും മദ്യനിര്‍മ്മാണ കമ്പനിയായ ഇന്‍ഡോ സ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീര്‍ മഹേന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യ കുംഭകോണം ഉയര്‍ന്നുവന്നത്.
കേസുമായി ബന്ധപ്പെട്ട് 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയിരുന്നു.