മാലേഗാവ് സ്‌ഫോടന കേസിൽ കേണല്‍ പ്രസാദ് പുരോഹിതിന്റെ ഹർജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

മുംബൈ: മാലേഗാവ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ ഹർജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ബോംബെ ഹൈക്കോടതിയോട് സുപ്രീം കോടതി. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാരിന്റെ ഹർജി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുരോഹിത് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എത്രയും വേഗം തീരുമാനിക്കാൻ നിർദേശം നൽകിയത്.

2017ൽ സർക്കാരിന്റെ അനുമതി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ പ്രത്യേക എൻ.ഐ.എ കോടതിയും അനുമതി റദ്ദാക്കണമെന്ന ആവശ്യം തള്ളിയിരുന്നു. സംഭവസമയത്ത് പുരോഹിത് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാൽ വിചാരണയ്ക്ക് സൈനിക അനുമതി ആവശ്യമായിരുന്നു.

2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ ഏഴ് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.