ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
കാർവാർ: ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. കാര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. വിവിധ സംഘടനകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ ദിവസം ജില്ലയിലെ ഹൊന്നാവറിൽ നിന്നുള്ള നാല് പേർ കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്. മോദി സർക്കാർ ഈ ആവശ്യം അംഗീകരിക്കുന്നതുവരെ ചോരയിൽ കത്തുകൾ എഴുതുന്നത് തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ആശുപത്രി അനുവദിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും വിദ്യാർത്ഥികൾ ഭീഷണി മുഴക്കി. അടിയന്തര സാഹചര്യങ്ങളിൽ ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരുന്നുവെന്നും അവർ വ്യക്തമാക്കി. വിവിധ സംഘടനകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.