സൈബർ കുറ്റകൃത്യം അന്വേഷിക്കുവാൻ ഐടി വിദ്യാർത്ഥികളെയും ഉൾപ്പെടുത്താൻ തമിഴ്നാട് പോലീസ്

തമിഴ്‌നാട് : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് പോലീസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ വിവരസാങ്കേതികവിദ്യാ വിദ്യാർത്ഥികളെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.

പുതിയ തീരുമാനത്തിന്‍റെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്താൻ പോലീസ് ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന കോളേജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഇതിനായി പരിഗണിക്കുന്നത്.
ഐടി, സോഫ്റ്റ്‌വെയർ കോഴ്സുകൾ, ആപ്ലിക്കേഷൻ ഡെവലപ്മെന്‍റ് കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എങ്ങനെ തിരിച്ചറിയാമെന്ന് അവർക്ക് പോലീസിനെ സഹായിക്കാൻ കഴിയും.