സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്
ന്യൂഡല്‍ഹി: സ്മൃതി ഇറാനി സോണിയാ ഗാന്ധിയെ അപമാനിച്ച സംഭവത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്. ഈ വിഷയങ്ങളിൽ സ്പീക്കറുടെയും സർക്കാരിന്റെയും നിലപാട് അറിഞ്ഞ ശേഷം മാത്രമേ ചർച്ചകളിൽ സഹകരിക്കണമോ എന്ന് കോൺഗ്രസ് തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞിട്ടും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ബിജെപി പ്രചാരണം നടത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രസിഡന്റ് ദ്രൗപദി മുർമുവിനെതിരെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പ്രസിഡന്റിനെ “രാഷ്ട്ര പത്നി” എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നാണ് പൊതുവിലയിരുത്തൽ. കോൺഗ്രസ് പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അപമാനിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ആദിവാസി സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീ രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയാ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് സ്മൃതി ലോക്സഭയിൽ പറഞ്ഞു.
രാഷ്ട്രപതിക്കെതിരായ പരാമർശത്തിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ഭരണകക്ഷി എംപിമാരും ആവശ്യപ്പെട്ടു. അധിർ രഞ്ജൻ ചൗധരിയുടേത് നാക്ക് പിഴയാണെന്നൂം ഖേദം പ്രകടിപ്പിച്ചെന്നും ഞാൻ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ നിലപാട്.