ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ


സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്.

ആഴ്ചയില്‍ ആറു ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഒരു മണിക്കൂറില്‍ കൂടുതല്‍ ചെയ്യേണ്ടതില്ല. അമിതമായ വ്യായാമം മറ്റുപല പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്നത് വസ്തുതയാണ്. ഇതോടൊപ്പം ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമരീതികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

പ്രായ, ലിംഗ ഭേദമില്ലാതെ ഫിറ്റ്നസ് എല്ലാവര്‍ക്കും ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഭക്ഷണരീതിയിലും കൃത്യമായ നിയന്ത്രണം വേണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് ആഹാരങ്ങള്‍ എന്നിവയുടെ അളവ് കുറക്കുകയാണ് നല്ലത്. എപ്പോഴും ഊര്‍ജസ്വലമായിരിക്കാനും രോഗങ്ങളെ ഒരുപരിധി വരെ അകറ്റിനിര്‍ത്താനും ശരീരവും മനസ്സും ആരോഗ്യകരമായി സൂക്ഷിക്കേണ്ടതുണ്ട്.

ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ പ്രാധാന്യം നല്‍കുന്നവര്‍ ഇന്നേറെയാണ്‌. മാറിയ ജീവിതരീതി മൂലം ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ ബാധിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് വളരെ കൂടുതലാണ്. തെറ്റായ ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കാരണം ശരീരത്തിന്‍റെ ഫിറ്റ്നസ് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പലരും ബോധവാന്മാരാകുന്നത്.

പതിവായ നടത്തം, സ്വയം ചെയ്യാവുന്ന മറ്റു വ്യായാമങ്ങള്‍ തുടങ്ങിയവയിലൂടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. അതേസമയം, ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തി ശരീരത്തെ ആരോഗ്യകരമാക്കാന്‍ ശ്രമിക്കുന്നവരും ധാരാളമാണ്. എന്നാല്‍, വ്യായാമം ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് പല സംശയങ്ങളും മനസ്സില്‍ കടന്നുവരാം.

ഏതെല്ലാം വ്യായാമങ്ങള്‍ ചെയ്യണം, എത്രനേരം ചെയ്യണം തുടങ്ങിയ സംശയങ്ങള്‍ സാധാരണമാണ്. അതോടൊപ്പം തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങള്‍ ഏതെല്ലാം എന്നതും പലരുടെയും ആശങ്കയാണ്.

സ്ത്രീ-പുരുഷ വ്യത്യാസത്തിന് അപ്പുറം ഓരോരുത്തരുടെയും പ്രായം, ആരോഗ്യനില, ശാരീരിക അവസ്ഥ എന്നിവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ വ്യായാമരീതികള്‍ പ്രത്യേകമായി തന്നെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്