മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവും ആയിരിക്കുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്. പുലര്‍ച്ചെ മൂന്നരയാണ് ശരിയായ ബ്രാഹ്മമൂഹൂര്‍ത്തം. സൂര്യോദയത്തിന് 48 മിനിട്ട് മുമ്പ് വരെ ബ്രാഹ്മമുഹൂര്‍ത്തം ഉണ്ട്. നിത്യവും ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ്.
ഉണര്‍ന്നാലുടന്‍ വലതുവശം തിരിഞ്ഞ് എഴുന്നേല്ക്കണം. കിടക്കയില്‍ ഒരു നിമിഷം ഇരുന്ന് കൂപ്പുകൈകളോടെ അച്ഛന്‍, അമ്മ, ഗുരുനാഥന്‍ എന്നിവരെ സ്മരിക്കുക. അതിനുശേഷം ഇരു കൈകളും നിവര്‍ത്തി അതിലേക്കു നോക്കി അഗ്രത്തില്‍ ലക്ഷമിദേവിയെയും മധ്യത്ത് സരസ്വതിദേവിയെയും അടിഭാഗത്ത് മഹാവിഷ്ണുവിനെയും സങ്കല്പിച്ച്
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദാ
പ്രഭാതേ കര ദര്‍ശനം…
എന്ന് ജപിക്കണം. കാലുകള്‍ നിലത്ത് വച്ച് ഇരുകൈകളും കൊണ്ട് തറയില്‍ തൊട്ട് ശിരസ്സില്‍ വയ്ക്കുക. എന്നിട്ട്
സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണു പത്‌നി നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ
എന്ന് ജപിക്കുക.
സമുദ്രത്തെ വസ്ത്രമാക്കിയവളും പര്‍വതങ്ങളെസ്തനങ്ങളാക്കിയവളും മഹാവിഷ്ണുവിന്റെ പത്‌നിയുമായ അമ്മേ……ഭൂമിദേവി എന്റെ കാല്‍ കൊണ്ടുള്ള സ്പര്‍ശനം ക്ഷമിക്കണമേ എന്നര്‍ത്ഥം.
ഭൂമിദേവി അമ്മയ്ക്ക് തുല്യയാണ്. മനുഷ്യന്റെ എല്ലാ തെറ്റുകളും പൊറുക്കുകയും നന്മയിലേക്ക് നയിക്കുകയും നല്ല വഴി കാണിച്ചു തരികയും ചെയ്യുന്നത് അമ്മയാണ്. ആ അമ്മയ്ക്കു തുല്യയാണ് ഭൂമിദേവി. നമ്മുടെ പാദസ്പര്‍ശം അമ്മയുടെ പുറത്തായതിനാല്‍ അതു മഹാപാപമാണ്. ആ പാപത്തിന് പരിഹാരമായാണ് അമ്മയോട് ക്ഷമ ചോദിക്കുന്നത്……..
അതിനുശേഷം പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്ന് വിളക്കു കൊളുത്തി ഭഗവാനെ തൊഴുത്, മുറ്റത്തിറങ്ങി സൂര്യനെയും തൊഴുതശേഷം അടുപ്പ് കത്തിക്കാം.
അടുപ്പ് കത്തിക്കും മുമ്പ് മഹാലക്ഷമിയെ മനസ്സില്‍ ധ്യാനിക്കണം. അതിലൂടെ ജീവിതത്തിലെന്നും അടുപ്പ് കത്തിയ്ക്കാനും ആഹാരം ഉണ്ടാക്കാനും ഭാഗ്യം സിദ്ധിക്കും.
അതുപോലെ സന്ധ്യാവന്ദനവും മുടക്കരുത്. സന്ധ്യസമയത്ത് നിലവിളക്ക് കത്തിക്കണം. മുന്നിലേക്കും പിന്നിലേക്കും മഹാവിഷ്ണു മഹാലക്ഷമി സങ്കല്പത്തില്‍ രണ്ടു തിരിയിട്ട് കത്തിച്ച് നാമം ജപിക്കണം. കിടക്കും മുന്‍പ് കൈയും കാലും കഴുകി വന്ന് കിടക്കയില്‍ ഇരുന്ന്
കരചരണ കൃതം
വാക്കായജം
കര്‍മ്മജം വാ
ശ്രവണ നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത്
ക്ഷമസ്വ ശിവശിവ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ…..
എന്നു ജപിക്കണം.
ഇത് ശിവക്ഷമാപണ സ്‌തോത്രമാണ് കൈ കൊണ്ടോ കാല്‍കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മനസ്സുകൊണ്ടോ അറിഞ്ഞോ അറിയാതെയോ ഈ ദിവസം വരെ ചെയ്ത എല്ലാ അപരാധങ്ങളും ക്ഷമിക്കണമേ കരുണാമയനായ ശ്രീ പരമേശ്വരാ എന്നാണ് ഈ ശ്‌ളോകത്തിന്റെ അര്‍ത്ഥം.