ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. ആസ്ത്മാരോഗത്തെപ്പറ്റി വ്യക്തമായ അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുക, ആരംഭത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
ആസ്ത്മ എന്നാല്‍ ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളിയെ ബാധിക്കുന്ന ഒരു അലര്‍ജിയാണ്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ഇടയ്ക്കിടെ വരുന്ന ചുമ, ശ്വാസതടസ്സം, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടര്‍ച്ചയായുള്ള ശ്വാസകോശാണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധർ പറയുന്നു.
ആസ്ത്മയെ എങ്ങനെ പ്രതിരോധിക്കാം ?
ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക.
ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
ശ്വാസംമുട്ടല്‍ ഒഴിവാക്കാനുള്ള ആദ്യ വഴി വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട്ടില്‍ അലര്‍ജിക്ക് കാരണമാകുന്ന പൊടിയും മറ്റും അടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ശ്വാസംമുട്ടല്‍ ഉണ്ടാക്കുന്നത് . ഇത്തരം പൊടികളും മറ്റും കളഞ്ഞ് വീട് വൃത്തിയാക്കുക എന്നതാണ് ശ്വാസംമുട്ടല്‍ സ്വാഭാവികമായി ഇല്ലാതാക്കാനുള്ള ആദ്യ വഴി
കഫം ഉണ്ടാകുന്നത് ശ്വാസംമുട്ടലിന് കാരണമാകും. അതിനാല്‍, ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ ചൂടെണ്ണ കൊണ്ട് തടവുന്നത് സഹായിക്കും. മൂക്കിലും ശ്വസനനാളികളിലും കഫം രൂപപ്പെടാതിരിക്കാനും മരുന്നും ഇന്‍ഹെയ്‌ലറും ഉപയോഗിക്കാതെ ശ്വാസംമുട്ടല്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ശ്വാസംമുട്ടലിന് ആശ്വാസം നല്‍കാന്‍ കഴിയുന്ന ലളിതമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ആവിപിടിക്കല്‍. ആവിപിടിക്കുമ്പോള്‍ കഫത്തിന്റെ കട്ടി കുറഞ്ഞ് അയവ് വരും . അതിനാല്‍ ഇത് എളുപ്പം പുറത്ത് കളഞ്ഞ് സൈനസും ശ്വസന നാളങ്ങളും വൃത്തിയാക്കാന്‍ കഴിയും.
ആവിപിടിക്കുന്നത് പോലെ തന്നെ ചൂട് വെള്ളത്തില്‍ കുളിക്കുന്നതും ശ്വാസംമുട്ടലിന് ആശ്വാസം നല്‍കും. ചൂട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലും മറ്റും കട്ടിപിടിച്ചിരുന്ന കഫം പുറത്ത് പോകുന്നതിന് പുറമെ ശ്വസനനാളികള്‍ക്കും ചുറ്റുമുള്ള പേശികള്‍ക്കും ആശ്വാസം ലഭിക്കുകയും ചെയ്യും. ചൂട് വെള്ളം കുടിക്കുന്നത് ശ്വാസംമുട്ടലിന് ആശ്വാസം നല്‍കാന്‍ സഹായിക്കും. കഫം പുറത്ത് പോകാനും ശ്വാസനാളങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഇത് നല്ലതാണ്. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഇതും ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായിക്കും. പ്രതിജ്വലന ശേഷിയും ആന്റിഓക്‌സിഡന്റ് ഗുണവും ധാരാളം അടങ്ങിയിട്ടുള്ള മഞ്ഞള്‍ മൂക്കിലെ തടസ്സങ്ങള്‍ നീക്കാനും ശ്വസനേന്ദ്രിയങ്ങളിലെ അസ്വസ്ഥതയും പഴുപ്പും ഇല്ലാതാക്കാനും സഹായിക്കും. ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ പോലെ തന്നെ ഫലപ്രദമാണ് ഇഞ്ചിയും. പ്രതിജ്വലനശേഷിയുള്ള ഇഞ്ചി ശ്വാസനാളികളിലെ തടസം മാറ്റി ആശ്വാസം നല്‍കാനും നെഞ്ചിലെ വിമ്മിഷ്ടം കുറയ്‌ക്കാനും സഹായിക്കും.
ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ സഹായിക്കും.അലര്‍ജിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വെളുത്തുള്ളി സൈനസ് കോശങ്ങള്‍ വീര്‍ക്കുന്നത് തടയുകയും ശ്വാസ നാളങ്ങള്‍ തുറക്കുകയും ചെയ്യും. ഇതിന് പുറമെ പ്രകൃതിദത്ത ആന്റിബയോട്ടിക് ആയ വെളുത്തുള്ളി മൂക്കിലെ അലര്‍ജിക്ക് കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാനും സഹായിക്കും.
പ്രകൃതിദത്ത ആന്റിബയോട്ടിക് ആയ തേനിന് കഫത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയുണ്ട്. ശ്വാസംമുട്ടലിനുള്ള പല ഔഷധങ്ങളിലും തേന്‍ ഒരു പ്രധാന ചേരുവയാണ്. അലര്‍ജി സാധ്യത കുറയ്‌ക്കാനും ശ്വാസനാളങ്ങള്‍ക്ക് ആശ്വാസം നല്‍കാനും തേന്‍ സഹായിക്കും.
ഉള്ളിയുടെ വിഭാഗത്തില്‍ പെടുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നേരത്തെ പറഞ്ഞു. വെളുത്തുള്ളിയുടെ പല ഗുണങ്ങളും ഉള്ളിക്കും ഉണ്ട്. എന്നാല്‍ ശ്വാസംമുട്ടലിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നത് ഇതിലെ വ്യത്യസ്‌തമായ മറ്റൊരു സംയുക്തമാണ്. ഉള്ളി അരിയുമ്പോള്‍ കണ്ണുനീര്‍ വരാന്‍ കാരണമാകുന്ന സള്‍ഫറിന് അലര്‍ജിയും കഫവും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇത് ശ്വാസം മുട്ടിലിന് പരിഹാരം നല്‍കാന്‍ സഹായിക്കും.