പല തരത്തിലും പല വിധത്തിലും പല രൂപത്തിലും ചെറു പ്രായത്തിലുള്ളവരെ വരെ പിടി കൂടുന്ന മഹാ രോഗമാണ് ക്യാൻസർ. ക്യാന്‍സറിനെ ഏറ്റവും ഗുരുതരമാക്കുന്നത് കണ്ടു പിടിയ്ക്കാന്‍ വൈകുന്നതാണ്. കാരണം പല ലക്ഷണങ്ങളും മറ്റു പല രോഗലക്ഷണങ്ങളോടും സാമ്യമുള്ളതു കൊണ്ടു തന്നെ നാം അവഗണിച്ചു കളയും. തുടക്കത്തില്‍ ചികിത്സിച്ചാല്‍ മാറുമെങ്കിലും ഗുരുതരമായാല്‍ മരണം വരുത്തി വയ്ക്കുന്ന ഒന്നാണീ രോഗം. ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ കെമിക്കല്‍ അടങ്ങിയ ഭക്ഷണം, പ്രോസസ്ഡ് ഫുഡ്, വറുത്തവ തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
ഇതിനു പുറമേ ജീവിത ശൈലിയും പുകവലി പോലുള്ള ദുശീലങ്ങളും അന്തരീക്ഷ മലിനീകരണവും, എന്തിന്, കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള കാരണങ്ങളുമുണ്ട്, ഈ രോഗത്തിന്. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ ബാധിയ്ക്കുന്ന വ്യത്യസ്ത ക്യാന്‍സറുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണും. എന്നാല്‍, ഏതു തരം ക്യാന്‍സറിനും കണ്ടു വരുന്ന ചില പൊതു സ്വഭാവങ്ങളുണ്ട്. ചില പൊതുവായ ലക്ഷണങ്ങള്‍. നമുക്കു തന്നെ ക്യാന്‍സര്‍ ആണോയെന്നു സംശയിക്കാവുന്ന ചില ലക്ഷണങ്ങള്‍. ഇത്തരം സംശയങ്ങള്‍ ക്യാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും ക്യാന്‍സര്‍ അതിജീവനവുമെല്ലാം എളുപ്പമാക്കും.
ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില എളുപ്പ ലക്ഷണങ്ങള്‍ ഇവയാണ്. പ്രത്യേക കാരണങ്ങളില്ലാതെ, അതായത് ഡയറ്റിംഗും മറ്റുമൊന്നുമില്ലാതെ തൂക്കം കുറയുന്നത് ഒരു പ്രധാന ക്യാന്‍സര്‍ ലക്ഷണമാണ്. ഒന്നു രണ്ടു മാസത്തില്‍ മൂന്നു നാലു കിലോയെല്ലാം പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ കുറയുന്നത് ശ്രദ്ധിയ്ക്കുക. ഇതുപോലെ അടിക്കടി വരുന്ന രോഗങ്ങള്‍, പനിയാണെങ്കിലും തൊണ്ടവേദനയെങ്കിലും മാറിയാലും വീണ്ടും വീണ്ടും വരിക, മാറാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ ലക്ഷണങ്ങില്‍ പെടുത്താവുന്നതാണ്.
അകാരണമായ ക്ഷീണം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണം, അതായത് അറിയാത്ത, പ്രത്യേകിച്ചൊന്നുമില്ലാതെ ക്ഷീണം വരുന്ന അവസ്ഥയെന്നു പറയാം. ബ്ലീഡിംഗ്, അതായത് മൂക്കിലൂടെയോ ചെവിയിലൂടെയോ ഉള്ള രക്തപ്രവാഹം, ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. വേദനയില്ലാതെ പെട്ടെന്നു ബ്ലീഡിംഗ് വരുന്നത്, പ്രത്യേകിച്ചും മൂക്കില്‍ കൂടി ബ്ലീഡിംഗ് വരുന്നത് ക്യാന്‍സറിനെ സംശയിക്കേണ്ട ഒന്നാണ്. ഇതുപോലെ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതും, അതായത് ക്ഷീണത്തിനൊപ്പം ഈ ഒരു ലക്ഷണം കൂടിയുണ്ടെങ്കില്‍ ഇതും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം.
മുന്‍പ് ഇല്ലാതെ പെട്ടെന്ന് അടിക്കടി തലവേദന വരിക, തല ചുറ്റല്‍ വരിക തുടങ്ങിയവ തലച്ചോറില്‍ ക്യാന്‍സറസ് വളര്‍ച്ചയുണ്ടെന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്. പ്രത്യേകിച്ചും മധ്യവയസു കഴിഞ്ഞാണ് ഇതു വരുന്നതെങ്കില്‍. വായിലുണ്ടാകുന്ന മുറിവുകള്‍, വ്രണങ്ങള്‍, വിട്ടുമാറാത്ത വായ്പ്പുണ്ണ് എന്നിവ മൗത് ക്യാന്‍സര്‍ ലക്ഷണവുമാകാം.
ഇതുപോലെ തൊണ്ട വേദന, ശബ്ദം കുറഞ്ഞു വരിക, ശബ്ദം മാറുക, കഴുത്തിനു ചുറ്റും അസ്വസ്ഥത തുടങ്ങിയവ തൊണ്ടയില്‍ വരുന്ന ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം. ശ്വാസകോശ ക്യാന്‍സര്‍ കഫത്തില്‍ രക്തം, രാത്രിയില്‍ നിലയ്ക്കാത്ത ചുമ എന്നിവയോടെയാണ് വരിക.
ടിബിക്കും ഇതുപോലെ ഉള്ള ലക്ഷണങ്ങൾ ആണെങ്കിലും ക്യാൻസറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ സമീപത്തായി വരുന്ന മുഴകളോ തടിപ്പുകളോ തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ചും കഴുത്തിനു ചുറ്റും കഴലകള്‍, തൊണ്ടയില്‍ എന്തോ തടഞ്ഞതു പോലുള്ള തോന്നല്‍, കഴിയ്ക്കുമ്പോഴോ വെള്ളം ഇറക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവ തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണവുമാകാം. വിശപ്പില്ലായ്മ, ആഹാരം കഴിയ്ക്കാന്‍ തോന്നാതിരിയ്ക്കുക, വയറ്റില്‍ സൂചി കൊണ്ടു കുത്തുന്ന പോലെ വേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയവയെല്ലാം ആമാശയ ക്യാന്‍സര്‍ ലക്ഷണമായി പറയാം.
മുലയൂട്ടാത്ത സ്ത്രീകളില്‍ മുലയൂട്ടുന്ന സ്ത്രീകളേക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. മാറിടത്തിലെ കഴലകളോ കക്ഷത്തോടു ചേര്‍ന്നുള്ള തെന്നി മാറുന്ന മുഴകളോ മുലകളിലെ ഡിസ്ചാര്‍ജോ എല്ലാം ബ്രെസ്റ്റ് ക്യാന്‍സറുമാകാം. ശരീരം മെലിയുക, ഇടയ്ക്കിടെ പനി, ദഹന പ്രശ്‌നം, വയര്‍ വീര്‍ത്തു വരിക, ഹീമോഗ്ലോബിന്‍ കുറയുക എന്നിവയെല്ലാം തന്നെ ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാണ്. ചികിത്സ ചെയ്തിട്ടും വിട്ടു മാറാത്ത വയറുവേദന, മലത്തോടൊപ്പവും മല വിസര്‍ജനം കഴിഞ്ഞ ശേഷം തുളളികളായി രക്തം പോകുക എന്നിവയെല്ലാം തന്നെ കുടല്‍ ക്യാന്‍സര്‍ ലക്ഷണമാണ്.