ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം: ശ്രദ്ധിക്കേണ്ടവ


അമിതവണ്ണവും ശരീര ഭാരവും കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത് അസ്ഥികളെ പ്രതികൂലമായി ബാധിക്കുമോ? കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അസ്ഥിയിൽ അടങ്ങിയിരിക്കുന്നു. അവ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശരീരത്തെ കൂടുതൽ പ്രാപ്തമാക്കുന്നുണ്ട്. നമ്മൾ ആരോ​ഗ്യത്തോടെ ഇരിക്കണമെങ്കിൽ എല്ലുകളുടെ ആരോ​ഗ്യവും ശ്രദ്ധിക്കണം. കൃത്യമായ ഭക്ഷണക്രമങ്ങളും ശാരീരിക വ്യായാമങ്ങളും എല്ലുകളെ ബലമുള്ളതാക്കും.

എന്നിരുന്നാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലുകളുടെ ആരോ​ഗ്യം തീരുമാനിക്കുന്നതിൽ ശരീരഭാരം ഒരു പ്രധാന ഘടകമാണ്. ഒരു വ്യക്തി അവരുടെ പൊക്കത്തിനനുസരിച്ച് ഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അമിതഭാരം മാത്രമല്ല, ഭാരം കുറഞ്ഞു പോയാലും അത് എല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കും. അതുകൊണ്ട് ശരീരഭാരം എപ്പോഴും മതിയായതായിരിക്കണം. എല്ലുകളുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ദർ പറയുന്നു. കലോറി കുറച്ച് മാത്രം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

അതിനാൽ, കലോറി കുറയ്‌ക്കുന്നത് ഒരിക്കലും നല്ല ആശയമല്ല. പഠനങ്ങൾ പ്രകാരം പ്രതിദിനം 1000 കലോറിയിൽ താഴെയുള്ള ഭക്ഷണക്രമം അസ്ഥികളുടെ സാന്ദ്രത കുറയാൻ ഇടയാക്കും. വണ്ണം കുറയ്‌ക്കുന്നതിനായി കലോറി അടങ്ങിയ ഭക്ഷണം അമിതമായി കുറച്ചാൽ അത് എല്ലുകളെ ബാധിച്ചേക്കാം. ഒരു ശരാശരി പുരുഷന് 1800 – 2000 കലോറിയും സ്ത്രീകൾക്ക് 1800 കലോറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഇതിലും അൽപം കൂടുതൽ വേണം. ഇതനുസരിച്ചുള്ള ഭക്ഷണങ്ങൾ വേണം നമ്മൾ കഴിക്കേണ്ടത്.