തണുപ്പുകാലത്ത് ജലദോഷവും പനിയും പിടിപെടുന്നവരുടെ എണ്ണം കൂടുതലാണ്. രോഗപ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങൾ ബാധിക്കുന്നത് തടയാൻ സഹായിക്കും. അണുബാധ തടയുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…
വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അവ അണുബാധയ്‌ക്കെതിരെ പ്രവർത്തിക്കുകയും പ്രധാനമായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. മിക്ക സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മുന്തിരിപ്പഴം, ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങൾ കഴിക്കുക.
വൈറ്റമിൻ എ, സി, ഇ, ധാതുക്കൾ, നാരുകൾ, മറ്റ് നിരവധി ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് ബ്രൊക്കോളി. ബ്രൊക്കോളിയിൽ കൂടുതൽ പോഷകങ്ങൾ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം ആവിയിൽ വേവിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ആണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം പരിഹരിക്കാനും പ്രതിരോധശേഷി കൂട്ടാനും വെളുത്തുള്ളി സഹായകമാണ്. വെളുത്തുള്ളിയിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി – ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. മഞ്ഞൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടി സെല്ലുകൾ, ബി സെല്ലുകൾ, മാക്രോഫേജുകൾ, ന്യൂട്രോഫിൽസ്, നാച്ചുറൽ കില്ലർ സെല്ലുകൾ, ഡെൻഡ്രിറ്റിക് സെല്ലുകൾ എന്നിവയുടെ സജീവമാക്കൽ മോഡുലേറ്റ് ചെയ്യാനും ശരീരത്തിന്റെ ആന്റിബോഡി പ്രതികരണങ്ങൾ വർദ്ധിപ്പിക്കാനും മഞ്ഞളിന് കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു