World Osteoporosis Day | ഈ രോഗലക്ഷണങ്ങളുണ്ടോ? ഓസ്റ്റിയോപൊറോസിസ് എന്ന നിശബ്ദ അസ്ഥിരോഗം – News18 Malayalam


എല്ലാ വർഷവും ഒക്ടോബർ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമായാണ് ആചരിക്കുന്നത്. ഈ അസ്ഥി രോഗത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുവഴി രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് ആളുകൾക്ക് മനസിലാക്കാനാകും. എല്ലുകളുടെ സാന്ദ്രത കുറയുകയും എല്ലുകൾ ദുർബലമാവുകയും ചെയ്യുന്ന ഒരു രോഗമാണിത്. ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ഇന്ത്യയിൽ ഓരോ വർഷവും ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്.

1996ൽ യുകെയിലെ നാഷണൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റിയാണ് യൂറോപ്യൻ കമ്മീഷന്റെ പിന്തുണയോടെ ഒക്ടോബർ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി പ്രഖ്യാപിച്ചത്. 1998-ൽ ലോകാരോഗ്യ സംഘടനയും (WHO) സുപ്രധാന ദിനാചരണത്തിന്റെ സഹ-സ്‌പോൺസറായി ചേർന്നു.

2023ലെ തീം

ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത് “ജീവിതത്തിലുടനീളം മികച്ച അസ്ഥികൾ നിർമ്മിക്കാം” എന്നതാണ്. ഓസ്റ്റിയോപൊറോസിസിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Also read: World Mental Health Day | നമ്മുടെ മാനസികാരോഗ്യം ഇപ്പോഴുള്ളതുപോലെ ആയാൽ മതിയോ?

ഓസ്റ്റിയോപൊറോസിസ് തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രോട്ടീൻ, വിറ്റാമിനുകൾ, കാൽസ്യം, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. അതിനായി ദിവസേന കുറഞ്ഞത് 40 മിനിറ്റ് വ്യായാമം ചെയ്യുക
  • പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക.
  • രോഗങ്ങൾ, ജനിതകശാസ്ത്രം, മരുന്നുകൾ, ആർത്തവവിരാമം എന്നിവയെക്കുറിച്ച് ബോധവാന്മാരാകുക.

ഓസ്റ്റിയോപൊറോസിസ് ദിനാചരണത്തിന് പിന്നിലെ ചരിത്രം

യുകെയിലെ നാഷണൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി, യൂറോപ്യൻ കമ്മീഷന്റെയും സഹായത്തോടെ 1996 ഒക്ടോബർ 20നാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആദ്യമായി ആചരിച്ചത്. 1997 മുതൽ, ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ (IOF) ഈ ബോധവൽക്കരണ ദിനത്തിന്റെ ചുമതല ഏറ്റെടുത്തു. 1994-ന് മുമ്പ്, ഓസ്റ്റിയോപൊറോസിസ് ഒരു കാര്യമായ ആരോഗ്യപ്രശ്നമായി കണ്ടിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. 1987-ൽ സ്ഥാപിതമായ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ഓസ്റ്റിയോപൊറോസിസ്, 1995-ൽ ആരംഭിച്ച ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഓൺ സ്കെലിറ്റൽ ഡിസീസസ് (IFSSD) എന്നീ രണ്ട് സംഘടനകളുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ (IOF) സ്ഥാപിതമായത്.

നിശബ്ദ അസ്ഥി രോഗം

ഓസ്റ്റിയോപൊറോസിസ് ഒരു നിശബ്ദ അസ്ഥിരോഗമായാണ് അറിയപ്പെടുന്നത്. എങ്കിലും ഈ രോഗത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ ബലക്കുറവ് അനുഭവപ്പെടാം.

2. പെട്ടെന്ന് പൊട്ടിപോകുന്ന നഖങ്ങൾ

3. സാധനങ്ങൾ ഉയർത്തുമ്പോഴോ കുനിയുമ്പോഴോ ചുമയ്ക്കുമ്പോഴോ പോലും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുക

4. ചെറിയ വീഴ്ചകളിൽ പോലും അസ്ഥികൾക്ക് പൊട്ടലുണ്ടാകുക

ദിനാചരണം

ഓസ്റ്റിയോപൊറോസിസ് എങ്ങനെ പ്രതിരോധിക്കാം, രോഗാവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്ന വർക്ക്ഷോപ്പുകൾ അല്ലെങ്കിൽ സെമിനാറുകൾ എന്നിവ ഈ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. എല്ലുകളുടെ ആരോഗ്യം, പോഷണം, വ്യായാമം എന്നിവയെക്കുറിച്ച് സംസാരിക്കാൻ ആരോഗ്യ വിദഗ്ധരെ ക്ഷണിക്കാവുന്നതാണ്.