മസില്‍ ഉണ്ടാക്കാനും വണ്ണം കുറക്കാനുമാണോ ജിമ്മിൽ പോകേണ്ടത് ? ഫിസിക്കല്‍ ഫിറ്റ്നസിനെക്കുറിച്ച് എന്തറിയാം?
നിഖിൽ രവീന്ദ്രൻ
അൽപ്പമൊന്ന് തടി കൂടിയാലോ വയറ് ചാടിയാലോ ഉടനെ ജിമ്മിലേക്ക് പോകുന്നവര്‍ നമുക്കിടയിലുണ്ട്. ജിമ്മിൽ പോകേണ്ടത് അല്ലെങ്കിൽ വ്യായാമം ചെയ്യേണ്ടത് തടി കുറക്കേണ്ടവർ അല്ലെങ്കിൽ മസിൽ ബിൾഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാത്രമാണെന്ന ഒരു ധാരണ പൊതുവായി ഉണ്ട്. എന്നാല്‍ അതങ്ങനെയല്ല..
വ്യായാമം എന്നത് പ്രാഥമികമായി ശരീരഭാരം കുറക്കാനുള്ള/ മസിലിന്റെ വലുപ്പം കൂട്ടാനുള്ള ഉപാധി ആയി അല്ല മറിച്ച് ശരീരത്തിലെ മസിലുകളുടെയും എല്ലുകളുടെയും, ജോയിന്റുകളുടെയും ഒക്കെ ആരോഗ്യ സംരക്ഷണത്തിനായും മാനസികാരോഗ്യത്തിനായും ഉള്ള പ്രവർത്തികളായി കാണണം.
നമ്മെ ചലിക്കാൻ സഹായിക്കുന്നത് മസിലുകളാണ്, ദഹനവ്യവസ്തയും ഹൃദയവുമുൾപ്പടെ നമ്മുടെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കുന്നത് മസിലുകളുടെ സഹായത്തോടെയാണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവൻ നിലനിർത്തുന്നത് മസിലുകളാണ്. മസിലുകളാണ് നമ്മുടെ ശരീരഘടന നിലനിർത്തുന്നത്, ജോയിന്റുകളുടെ സ്റ്റബിലിറ്റി നിലനിർത്തുന്നത്, ശരീരത്തിലെ സെല്ലുകൾക്ക് ആവശ്യമായ പോഷകങ്ങളും, ഓക്സിജനും എത്തിക്കുന്നത് ഒക്കെയും മസിലുകളുടെ സഹായത്തോടെയാണ്. ആ മസിലുകൾക്ക് വേണ്ടത്ര പ്രവർത്തനക്ഷമത ഇല്ലാതെ വരുമ്പോഴാണ് മനുഷ്യൻ അനാരോഗ്യത്തിലേക്ക് നീങ്ങുന്നത്. അവയെ ആരോഗ്യകരമായി നിലനിർത്തണം എങ്കിൽ അവ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കണം, അവക്ക് വളരാൻ/ റിപ്പയർ ചെയ്യാൻ ആവശ്യമായ പോഷകാഹാരങ്ങൾ നൽകണം.
പ്രധാനമായും മൂന്ന് തരം മസിലുകളാണ് ശരീരത്തിൽ ഉള്ളത്, കാർഡിയോ വാസ്ക്യുലർ മസിൽസ്, സ്കെലിറ്റൽ മസിൽസ്, സ്മൂത്ത് മസിൽസ്.
കാർഡിയോ വാസ്ക്യുലർ മസിൽസ് എന്നാൽ ഹൃദയവും രക്തക്കുഴലുകളും ഒക്കെ ചേർന്ന ഭാഗമാണ്, സ്കെലിറ്റൽ മസിൽസ് എന്നാൽ എല്ലുകളോട് ചേർന്നിരിക്കുന്ന നമ്മെ ചലിക്കാൻ സഹായിക്കുന്ന മസിലുകളാണ് , ചെറുതും വലുതുമായ, ഏതാണ്ട് 600 ഇൽ അധികം മസിലുകൾ നമ്മുടെ ശരീരത്തിലുണ്ട്. സ്മൂത്ത് മസിലുകൾ എന്നത് രക്തക്കുഴലുകളിലും, കുടലിലും മറ്റും കാണപ്പെടുന്ന, പുറമേ നിന്നുള്ള ബോധപൂർവ്വമായ പ്രവർത്തികൊണ്ട് ചലിപ്പിക്കാനാവാത്ത Involuntary മസിൽസ് ആണ്.
ഇതിൽ നാം പ്രധാനമായും വ്യായാമം ചെയ്യുന്നത് കാർഡിയോ/ സ്കെലിറ്റൽ മസിലുകൾക്ക് വേണ്ടിയാണ്.
സ്കെലിറ്റൽ മസിലുകൾക്ക് വ്യായാമം ചെയ്യേണ്ട അവശ്യമെന്താണ്?
മസിലുകൾ എന്നത് നമ്മുടെ ഡയിലി ആക്റ്റിവിറ്റികൾ ചെയ്യുവാൻ പാകത്തിനായിരിക്കും നിലനിന്ന് പോകുന്നത്, നമ്മുടെ ആക്റ്റിവിറ്റികൾ കുറയുന്തോറും മസിലുകളും നഷ്ട്ടപ്പെടാൻ തുടങ്ങും, മസിലുകളുടെ സ്വഭാവത്തെപറ്റി പൊതുവായി പറയുന്നത്, ‘ഉപയോഗിക്കുക അല്ലെങ്കിൽ നഷ്ട്ടപ്പെടുക’ എന്നാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഈ നഷ്ട്ടപ്പെടലിന്റെ ശതമാനവും വർദ്ധിക്കും. എങ്ങനെയാണീ നഷ്ട്ടപ്പെടൽ തടയുക? മസിലിനെ കൊണ്ട് പണി എടുപ്പിക്കുക, അതിനോടൊപ്പം അവക്ക് നിലനിൽക്കുവാനും റിപ്പയർ ചെയ്യുവാനും, വളരാനുമുള്ള പ്രോട്ടീനും മറ്റ് നൂട്രിയന്റ്സും നൽകുക. പ്രോട്ടീനാണ് മസിലുകളുടെ ബിൾഡിങ്ങ് ബ്ലോക്കുകൾ. നമ്മുടെ ആഹാരരീതി പരിഗണിക്കുമ്പോൾ ശരീരത്തിന് വേണ്ടത്ര ലഭിക്കാതെ പോകുന്ന മാക്രോനൂട്രിയന്റും പ്രോട്ടീനാണ്.
വ്യായാമത്തിലൂടെ എങ്ങനെയാണ് സ്കെലിറ്റൽ മസിലുകൾ കൂടുതൽ ആരോഗ്യമുള്ളതും വലുതുമാകുന്നത്?
വെയിറ്റ്/ റസിസ്റ്റൻസ് ട്രയിൻ ചെയ്യുന്നതിലൂടെ നമ്മൾ ഡയിലി ആക്റ്റിവിറ്റികൾക്കായി ഉപയോഗിക്കുന്നതിലധികം ഭാരം / റസിസ്റ്റൻസ് മസിലുകൾക്ക് നൽകുകയാണ് ചെയ്യുന്നത്, ഈ പ്രവർത്തികൾ മസിൽ ഫൈബറുകളിൽ മൈക്രോ ഡാമേജുകൾ ഉണ്ടാക്കുന്നു, ഈ ഡാമേജിനെ റിപ്പയർ ചെയ്യാനും, അധികമായി നമ്മൾ നൽകിയ റസിസ്റ്റൻസ് അടുത്ത തവണ കൈകാര്യം ചെയ്യുവാനുമുള്ള പ്രവർത്തികളുടെ ഭാഗമായി ശരീരം കൂടുതൽ നൂട്രിയന്റ്സിനെ അവിടേക്ക് പറഞ്ഞയക്കും, തൽഫലമായി മസിലുകളുടെ ആരോഗ്യവും വലുപ്പവും വർദ്ധിക്കുന്നു, ഇതിനെ മസിൽ ഹൈപ്പർട്രോഫി എന്ന് വിളിക്കുന്നു. വളരെ ചെറിയ ഭാരം ഉയർത്തിയിരുന്ന ഒരു തുടക്കക്കാരന് കുറച്ച് നാളുകൾക്ക് ശേഷം താരതമ്യേന കൂടുതൽ ഭാരം ഉയർത്താൻ കഴിയുന്നത് അതുകൊണ്ടാണ്.
ടെസ്റ്റോസ്റ്റിറോൺ എന്ന മെയിൽ ഹോർമോണാണ് മസിലുകളിലെ പ്രോട്ടീൻ സിന്തസിസ്/ മസിൽ ഹൈപ്പർട്രോഫി എന്നിവയുടെ ചുക്കാൻ പിടിക്കുന്നത്, ടെസ്റ്റസ്റ്റിറോൺ കൂടുതലുള്ള പുരുഷന്മാർ കൂടുതൽ മസ്കുലറായും, കുറവുള്ള സ്ത്രീകൾ താരതമ്യേന കുറവ് മസ്കുലറായും കാണപ്പെടുന്നതിന്റെ കാരണം ഇതാണ്. എത്രത്തോളം എക്സസൈസുകൾ ചെയ്താലും, കൃത്യമായ നൂട്രിഷൻ/ ഡയറ്റ് പിന്തുടർന്നാലും ഒരു സാധാരണ വ്യക്തിയുടെ മസിലുകൾക്ക് ഉണ്ടാവുന്ന വളർച്ചക്ക് ഒരു പരിധി ഉണ്ട്, മനുഷ്യന്റെ ജനിതകം അങ്ങനെയാണ്, അതിനെ മറികടക്കാനാണ് പ്രൊഫഷണൽ ബോഡി ബിൾഡേഴ്സ് പലതരം പെർഫോമൻസ് എൻഹാൻസിങ്ങ് ഡ്രഗ്സ് (PED) അല്ലെങ്കിൽ അനബോളിക്ക് ആൻട്രോജനിക് സിറോയ്ഡുകൾ ഒക്കെ ഉപയോഗിക്കുന്നത്, ശരീരം ഉൽപ്പാദിപ്പിക്കുന്ന ടെസ്സ്ടസ്റ്റിറോണിന് പുറമേ, പുറത്ത് നിന്നും ഇത് ശരീരത്തിലേക്ക് എത്തിച്ച് അവരുടെ മസിൽ റിക്കവറി/ഹൈപ്പർട്രോഫി നിരക്ക് വർദ്ധിപ്പിക്കുന്നു, അങ്ങനെ ആണ് ഇവർ സാധാരണ മനുഷ്യരേക്കാൾ അധികം മസ്കുലറായി മാറുന്നത്, പുരുഷന്മാർ മാത്രമല്ല പ്രൊഫഷണൽ ബോഡി ബിൾഡിങ്ങ് രംഗത്തുള്ള സ്ത്രീകളും PED ഉപയോഗിച്ചാണ് ഇത്രയും മസ്കുലറായ ശരീരം നിർമ്മിച്ചെടുക്കുന്നത്. PED എന്നത് പലതരം ഉണ്ട് അവയിൽ പലതരത്തിലുള്ള ഡ്രഗുകളുടെയും കോമ്പിനേഷനും ഉണ്ടാവാം.
കാർഡിയോ മസിൽസിന് വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യം എന്താണ്?
ശരീരത്തിന് പ്രവർത്തിക്കുവാൻ ഓക്സിജനും ന്യൂട്രിയന്റ്സും വേണം, അവയെ ശരീരം എമ്പാടും എത്തിക്കുന്നത് രക്തമാണ്, ശരീരത്തിലെ പല തരത്തിലുള്ള മാലിന്യങ്ങളെ നിയന്ത്രിക്കുന്നതും രക്തമാണ് ഈ രക്തത്തെ പമ്പ് ചെയ്യുന്നത് കാർഡിയോ മസിലുകളാണ്. നമ്മുടെ ആക്റ്റിവിറ്റികൾക്ക് അനുസരിച്ച് കൃത്യമായ തോതിൽ നിരന്തരം അവയെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ ഉള്ള കഴിവ് കാർഡിയോ മസിലുകൾക്ക് ഉണ്ടാവണം, അതിനായി അവയെ കൃത്യമായി ട്രയിൻ ചെയ്യണം.
മുകളിൽ പറഞ്ഞതിനെ എല്ലാം ലഘൂകരിച്ചാൽ നാം വ്യായാമം ചെയ്യേണ്ടത്/ ജിമ്മിൽ പോകേണ്ടത് പ്രാഥമികമായി തടി കുറക്കുവാനോ, മസിൽ ഉണ്ടാക്കുവാനോ അല്ല എന്ന് മനസിലാക്കാം, മറിച്ച് എന്തായിരിക്കണം അതിന്റെ ഉദ്യേശം?
ഫിസിക്കൽ ഫിറ്റ്നസ്
എന്താണ് ഫിസിക്കൽ ഫിറ്റ്നസ്, എങ്ങനെയാണ് ഫിസിക്കൽ ഫിറ്റ്നസ് നേടാൻ കഴിയുക? ഫിസിക്കൽ ഫിറ്റ്നസിന്റെ അടിസ്ഥാനപരമായ അഞ്ച് ഘടകങ്ങൾ എന്ന് പറയുന്നത്,
1. കാർഡിയോ വാസ്ക്യുലർ എൻഡുറൻസ്.
2. മസ്ക്യുലർ എൻഡുറൻസ്.
3. മസ്ക്യുലർ സ്ട്രങ്ങ്ത്.
4. ഫ്ലക്സിബിലിറ്റി.
5. ബോഡി കോമ്പസിഷൻ, എന്നിവയാണ്.
1. കാർഡിയോ വാസ്ക്യുലർ എൻഡുറൻസ്
ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഓക്സിജനും ന്യൂട്രിയന്റ്സും വേണം എന്ന് പറഞ്ഞല്ലോ അത് ശരീരത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് കൃത്യമായ തോതിൽ നിരന്തരം എത്തിച്ച് നൽകുവാൻ കാർഡിയോ വാസ്ക്യുലർ മസിലുകൾക്ക് ഉണ്ടാവേണ്ട കഴിവിനെ കാർഡിയോ വാസ്ക്യുലർ എൻഡുറൻസ് എന്ന് വിളിക്കാം. കാർഡിയോ എൻഡുറൻസിന് വേണ്ടി ട്രയിൻ ചെയ്യുന്നതിലൂടെ നമ്മുക്ക് ഒരു ആരോഗ്യകരമായ ഹാർട്ട് റേറ്റ് നിലനിർത്തുവാനും, ആരോഗ്യകരമായ സ്ട്രോക്ക് വോളിയം ( ഓരോ ബീറ്റിലും പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്) നിലനിർത്തുവാനും ആരോഗ്യകരമായ ബ്ലഡ് പ്രഷർ നിലനിർത്തുവാനും ഒക്കെ സാധിക്കും.
2. മസ്ക്യുലർ എൻഡുറൻസ്
ദീർഘ സമയം കോണ്ട്രാക്റ്റ് ചെയ്തുകൊണ്ട് ( മസിൽസ് ഫോഴ്സ് ഉൽപ്പാദിപ്പിക്കുന്ന ഏതവസ്തയെയും കോണ്ട്രാക്ഷൻ എന്ന് വിളിക്കാം) പ്രവർത്തിക്കാൻ കഴിയുന്ന മസിലുകളുടെ കഴിവിനെയാണ് മസ്കുലർ എൻഡുറൻസ് എന്ന് വിളിക്കുന്നത്. ഒരു ആക്റ്റിവിറ്റി ദീർഘ സമയം ചെയ്തുകൊണ്ടിരിക്കാൻ നമുക്ക് മസ്കുലർ എൻഡുറസ് ആവശ്യമുണ്ട്. ( ഉദാഹരണത്തിന് ദീർഘദൂരം ഓടുക, നീന്തുക). കുറഞ്ഞ ഭാരം, കൊണ്ട് കൂടുതൽ ആവർത്തികൾ (Repetition) ചെയ്തുകൊണ്ടാണ് മസ്ക്യുലർ എൻഡുറൻസിനായി വ്യായാമം ചെയ്യേണ്ടത്.
3. മസ്ക്യുലർ സ്ട്രെങ്ത്
ഗ്രാവിറ്റിക്ക് അല്ലെങ്കിൽ ഒരു റസിസ്റ്റൻസിന് എതിരായി ഫോഴ്സ് ഉൽപ്പാദിപ്പിക്കുവാനുള്ള ഉള്ള മസിലുകളുടെ കഴിവ്, ( ഉദാഹരണത്തിന് ഡംബൽ പോലെയുള്ള ഭാരങ്ങൾ ഉയർത്തുക). കൂടുതൽ ഭാരം, കുറഞ്ഞ ആവർത്തികൾ ഉയർത്തിയാണ് മസ്ക്യുലർ സ്ട്രെങ്തിനായി വ്യായാമം ചെയ്യേണ്ടത്.
4. ഫ്ലക്സിബിലിറ്റി
ജോയിന്റുകളെയും, മസിലുകളെയും അതിന്റെ മുഴുവൻ പരിധിയിൽ ചലിപ്പിക്കാനുള്ള (Full Range of Motion) കഴിവാണ് ഫ്ലക്സിബിലിറ്റി. സ്ട്രച്ചിങ്ങിലൂടെ ഫ്ലക്സിബിലിറ്റി വർദ്ധിപ്പിക്കാം.
5. ബോഡി കോമ്പസിഷൻ
ഒരു വ്യക്തിയുടെ ശരീരത്തിലെ ലീൻ മാസും (ഏല്ലുകളുടെയും, മസിൽസിന്റെയും, ആന്തരിക അവയവങ്ങളുടെയും ഭാരം) അയാളുടെ ശരീരത്തിലെ കൊഴുപ്പിന്റെ ഭാരവും തമ്മിലുള്ള അനുപാതത്തെ ബോഡി കോമ്പസിഷൻ എന്ന് വിളിക്കാം, ഒരു ഹെൽത്തി ബോഡി കോമ്പസിഷൻ എന്നത് ഓരോ വ്യക്തികളുടെയും വയസ്, ഭാരം, ഉയരം ഒക്കെ അനുസരിച്ചാണ് കണക്കാന്നുന്നത്, ബോഡി കോമ്പസിഷൻ അളക്കുവാൻ നിരവധി മാർഗങ്ങളുണ്ട്, ബയോമെട്രിക് ഇൻപിഡൻസ് അനാലിസിസ് മഷീനുകൾ, DEXA സ്കാൻ പോലെയുള്ള ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യകൾ, സ്കിൻ ഫോൾഡ് കാലിപ്പർ, ശരീരഭാഗങ്ങളുടെ ചുറ്റളവ് മെഷർമെന്റ് എന്നിങ്ങനെയുള്ള മാനുവൽ രീതികളും ഒക്കെ ഇതിൽ ഉൾപ്പെടും.
ജിമ്മിൽ പോകുന്ന/ വ്യായാമം ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകളും വച്ച് പുലർത്തുന്ന ചില അബദ്ധ ധാരണകളും പ്രവർത്തികളും
1. ഒരു പക്ഷെ ജിമ്മുകളിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒന്നാണ് കാർഡിയോ ട്രൈനിങ്ങ്, കാർഡിയോ എക്സസൈസ് എന്നത് അമിത വണ്ണം കുറക്കാനും, വെയിറ്റ് ട്രൈനിങ്ങ് എന്നത് മസിലുകൾ ഉണ്ടാക്കുവാനും വേണ്ടി മാത്രം ഉള്ളതാണ് എന്ന അബദ്ധ ധാരണ വച്ച് പുലർത്തുന്നവരാണ് ഒരു ഭൂരിഭാഗവും.
2. പല കാർഡിയോ ട്രൈനിങ്ങ് ഉപകരണങ്ങളും കറന്റ് മൂലമാണ് പ്രവർത്തിക്കുന്നത് അതുകൊണ്ട് അവ ഉപയോഗിക്കുവാൻ പല ജിമ്മുകളും അധികം തുക ഈടാക്കുന്നുണ്ട്. വെയിറ്റ് ട്രൈനിങ്ങ് ചെയ്യുന്നവർ പ്രത്യേകിച്ച് പുരുഷന്മാർ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ഇല്ല. പല ജിമ്മുകളിലും വെയിറ്റ് ട്രൈനിങ്ങ് അല്ലെങ്കിൽ വെയിറ്റ് ട്രൈനിങ്ങ് + കാർഡിയോ എന്ന രണ്ട് പാക്കേജാണ് നൽകാറുള്ളത്. വെയിറ്റ് ട്രൈനിങ്ങ് ചെയ്യണോ അതോ കാർഡിയോ ചെയ്യണോ എന്ന തിരഞ്ഞെടുപ്പ് നൽകുന്നത് പോലും അബദ്ധമാണ്, ഭാരം കുറക്കുന്നതോ, മസിൽ നിർമ്മിക്കുന്നതൊ അങ്ങിനെ നിങ്ങളുടെ ഉദ്യേശം എന്തുവാവട്ടെ, എല്ലാ മനുഷ്യരും അവരുടെ വർക്കൗട്ട് ഷെഡ്യൂളിൽ ഇത് രണ്ടും ഉൾപ്പെടുത്തണം. കാർഡിയോ വാസ്ക്യുലർ ഫിറ്റ്നസ് ഇല്ലാത്ത മസസ്കുലറായ ശരീരം ഒരു ആരോഗ്യകരമായ ശരീരമല്ല.
3. അമിത ഭാരം കുറക്കാനായി ജിമ്മിൽ വരുന്ന ഒരു ഭൂരിഭാഗം ആളുകളും അവരുടെ വർക്കൗട്ടിന്റെ ബഹുഭൂരിപക്ഷം സമയവും കാർഡിയോ വർക്കൗട്ടുകൾക്ക് വേണ്ടി മാറ്റി വക്കുന്നത് കാണാം, പ്രത്യേകിച്ചും സ്ത്രീകൾ, മണിക്കൂറുകൾ ട്രഡ്മില്ലിൽ ചിലവഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. കാർഡിയോ എക്സസൈസുകൾ അമിത ഭാരം കുറക്കാനുള്ള ടൂൾ ആണെന്ന ധാരണയിൽ ഭാരം കുറക്കാൻ വരുന്നവർ കാർഡിയോ എക്സസൈസുകളിൽ മാത്രം ശ്രദ്ധചെലുത്തുകയാണ് ചെയ്യുന്നത്.
4. അമിത ഭാരമുള്ള പല ആളുകളും സ്റ്റെയർ കയറുക, ഓട്ടം, ജമ്പിങ്ങ് പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇവയൊക്കെയും കാൽ മുട്ടുകളുടെ ജോയിന്റിന് പരിക്ക് ഏൽപ്പിച്ചേക്കാം, അപകടരഹിതമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. വയറിലെ കൊഴുപ്പ് കുറയുമെന്ന ധാരണയിൽ Crunches പോലെയുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക അവ കോർ മസിലുകൾക്ക് ഉള്ള വ്യായാമമാണ് അല്ലാതെ ഫാറ്റ് കുറക്കാനുള്ള വ്യായാമമല്ല, എന്ന് മാത്രമല്ല ലോവർ ബാക്കിൽ പരിക്കുകൾ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
5. വെറുതേ ട്രഡ്മില്ലിലോ സൈക്കിളിലോ ഓടിയാൽ അത് വ്യായാമമായി എന്ന് ധരിക്കുന്നവരുണ്ട്. എന്നും ചെയ്യുന്ന പ്രവർത്തിയെ ശീലം എന്ന് വിളിക്കാം, മസിലുകൾക്ക് ആ ശീലം അഡാപ്റ്റ് ചെയ്യുവാനുള്ള കഴിവുണ്ട്, മസിലുകൾക്ക് പ്രോഗ്രസീവായ ഓവർലോഡ് നൽകുക എന്നതാണ് ശരിയായ വ്യായാമം. ഏതൊരു മസിലിനെയും ട്രയിൻ ചെയ്യുകയാണ് വേണ്ടത്, അതിനായി ആ മസിലിന്റെ നിലവിലെ ആരോഗ്യ സ്ഥിതി അറിയേണ്ടതുണ്ട്, വെയിറ്റ് ട്രൈനിങ്ങ് ചെയ്യുന്ന ഒരാളുടെ സ്കെലിറ്റൽ മസിലിന്റെ ആരോഗ്യം താരതമ്യേന എളുപ്പത്തിൽ അളക്കാം പക്ഷെ ആന്തരിക അവയവമായ കാർഡിയോ വാസ്ക്യുലർ മസിൽസിന്റെയോ? ഒരു വ്യക്തിയുടെ കാർഡിയോ വാസ്ക്യുലർ ഫിറ്റ്നസ് മനസിലാക്കാനായി ടെസ്റ്റുകളും അസസ്മെന്റുകളും ഉണ്ട് ,
അതിനനുസരിച്ച് അവരെ ട്രയിൻ ചെയ്യിപ്പിക്കുന്നതിനായി ട്രയിനിങ്ങ് മെതേഡുകൾ ഉണ്ട്, ഇനി അവർ ഹൃദയസംബന്ധമായ അസുഖമുള്ളവരാണെങ്കിൽ ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രമേ ട്രയിനിങ്ങ് നൽകാവൂ എന്ന നിബന്ധനയുണ്ട് , പക്ഷെ ഭൂരിഭാഗം ജിമ്മുകളിലും ഇതൊന്നും പാലിക്കപ്പെടാറില്ല, അവനവന്റെ ആരോഗ്യസ്ഥിതി കണക്കാക്കാതെയുള്ള അമിത വ്യായാമങ്ങളുടെ ഫലമായാണ് പലരും ജിമ്മിൽ കുഴഞ്ഞുവീഴുന്നത്. അമിതവണ്ണം കുറക്കാനായി വരുന്ന എല്ലാവരെയും ഒരേരീതിയിൽ പരിഗണിച്ച് വ്യായമം ചെയ്യിപ്പിക്കുന്ന രീതിയാണ് ഒട്ടുമിക്ക ജിമ്മുകളിലും ചെയ്ത് പോകുന്നത്.
6. ജിമ്മിൽ എത്തുന്ന സ്ത്രീകൾ ഒരു ഭൂരിപക്ഷവും കാർഡിയോ വർക്കൗട്ടുകൾ മാത്രമാണ് ചെയ്യുന്നത്, വെയിറ്റ് ട്രൈനിങ്ങിലേക്ക് ശ്രദ്ധ നൽകാറേ ഇല്ല കാരണം, ഭാരം കുറക്കാൻ അത്തരത്തിലുള്ള വർക്കൗട്ടുകൾ മാത്രം മതി എന്ന ധാരണ, മറ്റൊന്ന് വെയിറ്റ് ട്രൈനിങ്ങ് ചെയ്താൽ പുരുഷന്മാരെ പോലെ മസിലുകൾ വരുമോ എന്ന ഭയം. പുരുഷന്മാർ മസ്കുലറായി ഇരിക്കുന്നത് അവരുടെ ജനിതക പ്രത്യേകതകൾകൊണ്ടാണ്, അവരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്, അതുകൊണ്ട് തന്നെ വെയിറ്റ് ട്രൈനിങ്ങ് ചെയ്താൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ മസിലുകൾ ഉണ്ടാവില്ല, പ്രൊഫഷണൽ ഫീമെയിൽ ബോഡി ബിൾഡേഴ്സ് വളരെ മസ്കുലറായി കാണാൻ കാരണം മുകളിൽ പറഞ്ഞതുപോലെ PED കൾ ഉപയോഗിക്കുന്നതുകൊണ്ടാണ്.
7. സ്ത്രീകൾ വെയിറ്റ് ട്രൈനിങ്ങ് ചെയ്യേണ്ടതുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. തീർച്ചയായും ചെയ്യണം. ഒരു പക്ഷെ പുരുഷന്മാരേക്കാൾ നിർബന്ധമായും വെയിറ്റ് ട്രൈനിങ്ങ് ചെയ്യേണ്ടത് സ്ത്രീകളാണ്. ശാരീരികമായി മസിലുകളുടെ കുറവ് സ്ത്രീകളിൽ ആയതുകൊണ്ട് പ്രായം കൂടുന്തോറും അത് സ്ത്രീകളെ വേഗം അനാരോഗ്യത്തിലേക്ക് നയിക്കാൻ ഇടയാക്കും, അവയെ തടുക്കുവാൻ വെയിറ്റ് ട്രൈനിങ്ങ് മൂലം സാധിക്കും. ബോൺ ഡെൻസിറ്റി നഷ്ട്ടപ്പെടുന്ന Osteoporosis രോഗമൊക്കെ സ്ത്രീകളിൽ വളരെ കൂടുതലാണ് ഇത്തരത്തിലുള്ള അവസ്ഥകളും, അത് മൂലമുണ്ടാകുന്ന ഫ്രാക്ചറുകളുമൊക്കെ തടുക്കാൻ വെയിറ്റ് ട്രൈനിങ്ങ് ഒരു വലിയ പരിധി വരെ സഹായിക്കും. വ്യായാമം നിങ്ങളുടെ സ്ട്രസ് കുറക്കുവാനും, മാനസികോല്ലാസത്തിനും അത്യന്താപേക്ഷിതമാണ്. ഡംബലുകളും ബാർബലുകളുമൊക്കെ പുരുഷന്മാർക്ക് മാത്രമാണെന്ന തെറ്റിദ്ധാരണ മാറ്റിവക്കണം.
8. കൂടുതൽ ഭാരമുയർത്തിയാൽ കൂടുതൽ മസിലുണ്ടാകുമോ? ഉണ്ടാകുമെന്നാണ് പലരുടെയും ധാരണ. അവനവന് ഉയർത്താൻ കഴിയാത്ത ഭാരമുയർത്തി, അല്ലെങ്കിൽ ആദ്യത്തെ ആവർത്തിമുതൽ മറ്റുള്ളവരുടെ സഹായത്തോടെ ട്രൈനിങ്ങ് ചെയ്യുന്നവരെ കാണാറുണ്ട്, ഈഗോ ലിഫ്റ്റേഴ്സ് എന്നാണ് ഇവരെ പൊതുവായി വിശേഷിപ്പിക്കുന്നത്. പലരോടും സംസാരിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത് ഈ ഈഗോ ട്രൈനിങ്ങ് അല്ലാതെ അവരുടെ ഭക്ഷണക്രമങ്ങളിൽ ഒന്നും യാതൊരു സ്ഥിരതയും ഇല്ല എന്നതാണ്. മസിലുകളെ അങ്ങേ അറ്റം ടോർച്ചർ ചെയ്യുകയും അവക്ക് റിക്കവർ ചെയ്യാനുള്ള പോഷകങ്ങൾ നൽകാതെ ഇരിക്കുകയും, ശരിയായ റസ്റ്റ് നൽകാതെ ഇരിക്കുകയും ചെയ്താൽ മസിൽ വളരുന്നതിന് പകരം മസിലുകൾക്ക് ഇഞ്ചുറികൾ ഉണ്ടാകാനാണ് സാധ്യത.
also read- ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണോ? നിങ്ങളുടെ പല പ്രശ്നങ്ങളുടേയും കാരണവും ഇതാകാം
സ്കെലിറ്റൽ മസിലുകളെ ട്രയിൻ ചെയ്യാനായും ട്രയിനിങ്ങ് മെതേഡുകൾ ഉണ്ട്, എത്ര ഭാരം ഉയർത്തുന്നു എന്നതല്ല, ഉയർത്തുന്ന ഭാരം എത്ര ഫലപ്രദമായി അപകടമില്ലാതെ ഉയർത്തുന്നു എന്നതിലാണ് കാര്യം. എത്ര ആവർത്തി ഭാരം ഉയർത്തി എന്നതല്ല, ഉയർത്തിയ ആവർത്തികൾക്ക് എത്ര ക്വാളിറ്റി ഉണ്ട് എന്നതിലാണ് കാര്യം. എല്ലാ എക്സസൈസുകളും ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കാനുള്ള പാരാമീറ്റേഴ്സ് ഉണ്ട്.
മസിലിന്റെ ഒറിജിൻ, ഇൻസർഷൻ, ശരീരത്തിന്റെ നില്‍പ്പ്, കൈകളുടെ ഗ്രിപ്പ്, മൂവ്മെന്റുകളുടെ തുടക്കം, ഒടുക്കം, ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കേണ്ട രീതി, ഉണ്ടാവാനുള്ള തെറ്റുകൾ, ഏത് തരം മൂവ്മെന്റ് (Bilateral, Isolateral, Unilateral), ഏത് തരം വ്യായാമം (Compound, Isolation, Power), ഏത് മൂവ്മെന്റ് (പുഷ്, പുൾ), പ്രവർത്തിക്കുന്ന പ്രൈമറി മസിൽ, സെകൻഡറി മസിൽ, സ്റ്റെബിലൈസിങ്ങ് മസിൽ ഇങ്ങനെ ഒരുപിടി ചെക്ക് പോയിന്റുകൾ നോക്കിയാണ് ഒരു വ്യായാമം ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്ന് തീരുമാനിക്കുന്നത്.
വെയിറ്റ് ട്രൈനിങ്ങ് ചെയ്യുമ്പോൾ, ഇന്റൻസിറ്റി, പ്രോഗ്രസീവ് ഓവർലോഡ്, വേരിയേഷൻ, റിക്കവറി, നൂട്രിഷൻ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ ശ്രദ്ധകൊടുക്കേണ്ടതുണ്ട് മറിച്ച് തോന്നിയ ഭാരം തോന്നിയതുപോലെ ഉയർത്തിയാൽ മസിലുകൾക്ക് ആരോഗ്യമുണ്ടാവുകയോ, വളരുകയോ ചെയ്യില്ല മറിച്ച് അപകടം മാത്രമാവും ഫലം.
ട്രയിൻ ചെയ്യുന്ന മസിലുകൾക്ക് റിക്കവറിക്കായി സമയം ആവശ്യമുണ്ട് (പ്രത്യേകിച്ച് വലിയ മസിൽ ഗ്രൂപ്പുകൾക്ക്), അതുകൊണ്ട് ഒരേ മസിലുകൾക്ക് തുടർച്ചയായ ദിവസങ്ങളിൽ ട്രയിൻ ചെയ്യാൻ പാടുള്ളതല്ല. ഒരു മസിലിന് മൂന്നും നാലും സെറ്റ് വ്യായാമങ്ങൾ വച്ച് അഞ്ചും ആറും തരത്തിലുള്ള (Variation) ട്രൈനിങ്ങ് ചെയ്യുന്നവരെ കണ്ടിട്ടുണ്ട്, ഇതിനെ ഓവർ ട്രൈനിങ്ങ് എന്ന് വിളിക്കാം, ഇത്തരം പ്രവർത്തികൾ ഒക്കെ ഇഞ്ചുറി ഉണ്ടാക്കിയേക്കാം.
ഫിസിക്കൽ ഫിറ്റ്നസാണ് നിങ്ങളുടെ ആവശ്യം എങ്കിൽ ഒരു പ്രൊഫഷണൽ ബോഡിബിൾഡറുടേയോ, പ്രൊഫഷണൽ അത്ലീറ്റിന്റെയോ, ഏതെങ്കിലും ഗയിം പ്ലയറുടെയോ വ്യായാമരീതികളല്ല പിൻതുടരേണ്ടത്, മറിച്ച് ഫങ്ഷണൽ ട്രൈനിങ്ങാണ്, ഫങ്ഷണൽ ട്രൈനിങ്ങ് എന്നാൽ നിങ്ങളുടെ ഡൈലി ലൈഫ് ആക്റ്റിവിറ്റികൾ, മൂവ്മെന്റ്സ് അൽപ്പം കൂടി റസിസ്റ്റൻസ് നൽകി ചെയ്യുക എന്ന് പറയാം. ജിമ്മുകളിൽ കാണുന്ന മറ്റൊരു തെറ്റ് , പ്രൊഫഷണൽ ബോഡി ബിൽഡേഴ്സിന്റെ യൂറ്റ്യൂബ് വർക്കൗട്ടുകളെ അന്ധമായി അനുകരിക്കുക എന്നതാണ്, ഇത്തരം ഫാൻസി വർക്കൗട്ടുകളൊന്നും ഒരു സാധാരണക്കാരന് ആവശ്യമില്ല, ബേസിക് മസിൽ മൂവ്മെന്റ്സ് തന്നെധാരാളം മതിയാവും.
9. മറ്റൊന്ന് എല്ലാ മസിലുകളെയും ഒരേ പോലെ കണ്ട് ട്രയിൻ ചെയ്യുന്നതാണ്. മസിലുകൾ പ്രധാനമായും രണ്ട് തരം മസിൽ ഫൈബറുകൾകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ടൈപ്പ് 1 (Slow Twitch) ടൈപ്പ് 2 (Fast Twitch). ടൈപ്പ് 1 മസിൽ ഫൈബറുകളാണ് ദീർഘ സമസമയം തളരാതെ ആക്റ്റിവിറ്റികൾ ചെയ്യാചെയ്യാൻ നമ്മെ സഹായിക്കുന്നത് (ഉദാ. ദീർഘ ദൂര നടത്തം, നീന്തൽ മുതലായവ) മസിൽ എൻഡ്യുറൻസിനായി ട്രയിൻ ചെയ്യുമ്പോൾ ഈ മസിൽ ഫൈബറുകളെയാണ് നാം ഉന്നം വക്കുന്നത്. ഭാരം കുറച്ച്, ആവർത്തികൾ കൂട്ടിയാണിവയെ ട്രയിൻ ചെയ്യേണ്ടത്.
ടൈപ്പ് 2 മസിൽ ഫൈബറുകളാണ് അധിക, ഫോഴ്സ് ചെലുത്തേണ്ടി വരുമ്പോളും, ഭാരം ഉയർത്തേണ്ടിവരുമ്പൊളും നമ്മെ സഹായിക്കുന്നത്, ഇവ പക്ഷെ വളരെ വേഗത്തിൽ തളർന്ന് പോകും (ഉദാ. വെയിറ്റ് ലിഫ്റ്റിങ്ങ്, എക്സ്പ്ലോസീവ് മൂവ്മെന്റ്സ് മുതലായവ). മസിൽ സ്ട്രങ്ങ്തിനായി ട്രയിൻ ചെയ്യുമ്പോൾ ഈ മസിൽ ഫൈബറുകളെയാണ് നാം ഉന്നം വക്കുന്നത്, ഭാരം കൂട്ടി ആവർത്തികൾ കുറച്ചാണിതിനെ ട്രയിൻ ചെയ്യേണ്ടത്.
എല്ലാ മസിലുകളിലും രണ്ട് തരത്തിലുള്ള മസിൽ ഫൈബറുകളും അടങ്ങിയിട്ടുണ്ട് പക്ഷെ ശതമാനത്തിൽ മാത്രമാണ് വ്യത്യാസം.
10. അനാവശ്യമായി സ്റ്റിറോയിഡുകളുടെ ഉപയോഗം. (Steroid Abuse).
പല ജിമ്മുകളിലും കണ്ടുവരുന്ന ഒന്നാണിത്, മസിലുകളുടെ വലുപ്പം കൂട്ടുവാനും അതിലൂടെ സമൂഹത്തിൽ ഒരൽപ്പം ശ്രദ്ധ കിട്ടുവാനും പ്രൊഫഷണൽ ബോഡി ബിൾഡേഴ്സ് അല്ലാത്ത പല വ്യക്തികളും, പ്രത്യേകിച്ച് കുട്ടികൾ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ട്, ഒരു വിദഗദ്ധന്റെ സഹായം പോലും ഇല്ലാതെയാണ് മിക്കവരും ഇതുപയോഗിക്കുന്നത്, ഇവ ദൂര വ്യാപകമായ ദോഷങ്ങൾ ഉണ്ടാക്കിയേക്കാം. പലരുടെയും ധാരണ, PED കൾ ഉപയോഗിച്ചാൽ മസിലുകൾ ഉണ്ടാകുമെന്നാണ്, മനസിലാക്കേണ്ടത്, ശരീരത്തിലെ പ്രോട്ടീൻ സിന്തസിസ്/ മസിൽ ഹൈപ്പർട്രോഫി, ഫാറ്റ് ബേണിങ്ങ് എന്നിവയുടെ നിരക്ക് കൂട്ടാൻ സഹായിക്കുക എന്ന ജോലി മാത്രമാണ് PED കൾ ചെയ്യുന്നത്. സ്റ്റിറോയിഡുകൾ എടുത്തിട്ട് വെറുതേ ഇരുന്നാൽ മസിലുകൾ ഉണ്ടാവില്ല. യാതൊരു നൂട്രിഷൻ പ്ലാനും ഇല്ലാതെ പല വ്യക്തികളും ഇത്തരം ഡ്രഗ്സ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഡ്രഗ്സുകൾ മൂലം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് കുറയുകയും, ഉള്ള മസിലുകൾ തെളിഞ്ഞ് വരികയും ചെയ്യുന്നു എന്നതല്ലാതെ, ശരിയായ ആഹാരക്രമത്തോടൊപ്പം, ശരിയായ ഗൈഡൻസ് ഇല്ലാതെയുള്ള ഡ്രഗ്സ് ഉപയോഗം കൊണ്ട് ശരീരത്തിലെ മസിലുകളുടെ വലുപ്പം കൂടുകയില്ല മറിച്ച് അപകടമുണ്ടാവാനാണ് സാധ്യത.
11. വയറിന് എക്സസ്ർസൈസ് ചെയ്താൽ സിക്സ് പാക്ക് ഉണ്ടാകുമോ?
Rectus Abdominis എന്ന വയറിലെ മസിലിനെയാണ് നമ്മൾ പൊതുവേ സിക്സ് പാക്സ് എന്ന് വിളിക്കുന്നത്. പാക്കുകൾ എന്നത് മസിലിലെ ഓരോ ബാന്റുകളാണ്. സിക്സ് പാക് ആരും ഉണ്ടാക്കേണ്ട ആവശ്യമില്ല, ഓരോരുത്തരുടെയും ജനിതകമനുസരിച്ച് നാലോ, ആറോ, എട്ടോ പാക്കുകൾ എല്ലാ മനുഷ്യർകും ഉണ്ടാവും, വയറിന് ഉള്ള വ്യായാമങ്ങൾ ചെയ്താൽ അവ കൂടുതൽ സ്ട്രോങ്ങ് ആകുമെന്നല്ലാതെ അവ വളർന്ന് കൂടുതൽ വിസിബിളായി വരില്ല. വരണമെങ്കിൽ അതിനു മുൻപിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് കുറയണം.
ഭാരം കുറക്കാനായി ശ്രമിക്കുന്നവരോടാണ്, എന്തെങ്കിലും പ്രവർത്തി ചെയ്യുമ്പോൾ മാത്രമല്ല ശരീരം എനർജി കത്തിക്കുന്നത്, വെറുതേ ഇരിക്കുമ്പോഴും, ഉറങ്ങുമ്പോഴും അത് നടക്കുന്നുണ്ട്, ആ ഊർജത്തിന്റെ അളവിനെ റസ്റ്റിങ്ങ് മെറ്റബോളിക് റേറ്റ് (RMR) എന്ന് വിളിക്കാം, എത്രത്തോളം ലീൻ മസിലിന്റെ അളവ് ശരീരത്തുണ്ടോ, അത്രയും RMR ഉം കൂടും, അങ്ങനെ കൂടുതൽ എനർജി കത്തിക്കാം. നിങ്ങളുടെ ഉദ്യേശം ഭാരം കുറക്കുന്നതാവട്ടെ, കൂട്ടുന്നതാവട്ടെ നിങ്ങൾ നിർബന്ധമായും വെയിറ്റ്/റസിസ്റ്റൻസ് ട്രൈനിങ്ങ് ചെയ്തിരിക്കണം, അല്ലാത്തപക്ഷം കുറയുന്ന ഭാരത്തോടൊപ്പം നഷ്ട്ടപ്പെടുന്നത് കൊഴുപ്പ് മാത്രമാകില്ല, മസിലുകൾ കൂടിയാവും. ശരീരം ഏറ്റവുമധികം എനർജി ഉപയോഗിക്കുന്നത് വലിയ മസിലുകൾ ഉപയോഗിക്കുമ്പോഴാണ്, ലോവർ ബോഡി മസിലുകളാണ് താരതമ്യേന വലിയ മസിലുകൾ, ഒരുപക്ഷെ ആളുകൾ ഏറ്റവും അധികം ഒഴിവാക്കുന്നതും ഈ മസിലുകളാണ്. നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ വലിയ മസിലുകൾ ഉറപ്പായും ഉൾപ്പെടുത്തിയിരിക്കണം.
ഭാരം കുറക്കാനായി വരുന്ന പല ആളുകളും ഒരു മാസം വലിയൊരു ടാർഗറ്റ് ലക്ഷ്യം വക്കുന്നത് കണാറുണ്ട്, ഒരു കാരണവശാലും ചെയ്യരുത്, ഒരു മാസം കൊണ്ട് 15 ഉം20 ഉം കിലോ കുറച്ച് തരാമെന്ന വാഗ്ദാനങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം, ദയവ് ചെയ്ത് ഇത്തരം അപകടകരമായ പ്രവർത്തികൾക്ക് പിന്നാലെ പോകരുത്. പരമാവധി 4 കിലോ വരെ മാത്രം ലക്ഷ്യം വക്കുക, ദ്രുതഗതിയിൽ നഷ്ട്ടപ്പെടുന്നത് കൊഴുപ്പ് മാത്രം ആവില്ല, മസിലുകൾ കൂടിയാവും, അത് നിങ്ങളുടെ മെറ്റബോളിസത്തെയും , ശാരീരിക മാനസിക ആരോഗ്യങ്ങളെയും ബാധിക്കും, ദൂരവ്യാപകമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, ലൂസായ സ്കിൻ ഉണ്ടാക്കും, സ്ട്രച്ച് മാർക്സ് ഉണ്ടാക്കും, നഷ്ട്ടപ്പെട്ട ഭാരത്തിലധികം തിരികെ വരാനും സാധ്യത കൂടുതലാണ്. ഭാരം കുറക്കേണ്ടത്, സാവധാനവും, സുരക്ഷിതവുമായാണ്.
ഒരു പക്ഷെ ഏറ്റവും അധികം ചതി നിറഞ്ഞ, ഫേക്ക് ഇൻഫ്ലുവൻസേഴ്സ് ഉള്ള, സ്വയം പ്രഖ്യാപിത വിദഗ്ദ്ധരുള്ള, അബദ്ധ ധാരണകളുടെ കൂടാരമാണ് ഹെൽത്ത് & ഫിറ്റ്നസ് മേഖല. ശരിയായ രീതിയിലല്ല നിങ്ങൾ വ്യായാമം ചെയ്യുന്നത് എങ്കിൽ വളരെ അപകടങ്ങൾ മുന്നിൽ പതിയിരുപ്പുണ്ട്.
ഒരു വ്യക്തിക്ക് വ്യായാമങ്ങൾ ചെയ്യുവാൻ വലിയ ഉപകരണങ്ങളുടെ ഒന്നും ആവശ്യമേ ഇല്ല. വീട്ടിൽ തന്നെ ലഭ്യമായ, ഭാരം ഉള്ള വസ്തുക്കളോ, ഒരു റസിസ്റ്റന്റ് ബാന്റോ, ശരീരത്തിന്റെ തന്നെ ഭാരമോ ഉപയോഗിച്ച് വ്യായാമം ചെയ്യുവാൻ സാധിക്കും.
ചുരുക്കി പറഞ്ഞാല്‍, നിങ്ങളുടെ വ്യായാമത്തിന്റെ ഉദ്യേശം വണ്ണം കുറക്കുവാനോ കൂട്ടുവാനോ വേണ്ടി ആവരുത്, ഫിസിക്കൽ ഫിറ്റ്നസിന് വേണ്ടിയാവണം, അമിത ഭാരമില്ലാത്ത ആരോഗ്യകരമായ ശരീരം എന്നത് ഫിസിക്കൽ ഫിറ്റ്നസ് എന്നതിന്റെ ബോണസ് പോയിന്റായി നിങ്ങൾക്ക് ലഭിക്കും.
( IAO – International Accreditation Organization അംഗീകാരമുള്ള പ്രൊഫഷണൽ വ്യായാമ പരിശീലകൻ ആണ് ലേഖകൻ)