ജീവിതച്ചെലവും മെഡിക്കല്‍ ചെലവുകളും ഉയരുന്ന ഈ സാഹചര്യത്തില്‍ എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (Health Insurance) അഥവാ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സുകൾ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും ഭാവിയില്‍ ഒരു അനുഗ്രഹമായി തീരുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
എന്നാല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കണം. ഇതേപ്പറ്റി അറിവില്ലാത്ത ചിലര്‍ ഫലപ്രദമല്ലാത്ത ആരോഗ്യ ഇന്‍ഷുറന്‍സുകളായിരിക്കും തെരഞ്ഞെടുക്കുക. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റുകളെപ്പറ്റിയാണ് ഇനി പറയുന്നത്.
വിദഗ്ധ ഉപദേശം സ്വീകരിക്കുക: ഇന്‍ഷുറന്‍സ് പോളിസികളെപ്പറ്റി അതത് മേഖലയിലെ വിദഗ്ധന്‍മാരോടോ അല്ലെങ്കില്‍ സുഹൃത്തുക്കളോട് ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ ഒരു മടിയും വിചാരിക്കരുത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ എല്ലാ കാര്യങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം ഇന്‍ഷുറന്‍സ് എടുക്കാവൂ. പോളിസി, ക്ലെയിം എന്നിവയുടെ കാര്യത്തിലും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
Also read: സിമന്റിന് പകരം ചാണകം; ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം ചെലവും കുറവ്; ഉത്തർപ്രദേശ് സ്വദേശിയുടെ പരിസ്ഥിതി സൗഹൃദ വീട്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി അവലോകനം ചെയ്യുക: ഇന്‍ഷുറന്‍സ് എടുത്ത ശേഷം എല്ലാ വര്‍ഷവും പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ പോളിസി നിറവേറ്റുന്നുണ്ടോ എന്നും പരിശോധിക്കണം. പതിവായി അവലോകനം ചെയ്യുന്നതിലൂടെ പോളിസി കവറേജില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന കാര്യം വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും നിങ്ങള്‍ക്ക് സാധിക്കും.
പ്ലാനിന്റെ നെറ്റ് വര്‍ക്ക് കവറേജ് പരിശോധിക്കുക: ഹെല്‍ത്ത് പ്ലാന്‍സ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഹോസ്പിറ്റലും ഡോക്ടര്‍മാരും ഇന്‍ഷുറന്‍ പോളിസിയുടെ ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കില്‍ വരുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കേണ്ടതാണ്. വിപുലമായ ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
നികുതി ലാഭത്തിന് വേണ്ടി മാത്രം ഇന്‍ഷുറന്‍സ് എടുക്കരുത്: നികുതി ലാഭിക്കാന്‍ വേണ്ടി മാത്രം ഇന്‍ഷുറന്‍സ് എടുക്കുന്നത് ശരിയായ രീതിയല്ല. ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ക്കായിരിക്കണം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. നികുതി ലാഭിക്കാന്‍ വേണ്ടി ഏതെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ അപര്യാപ്തമായ കവറേജുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസികളായിരിക്കും സ്വീകരിക്കുക. ഇത് ഉപഭോക്താവിന് നഷ്ടമാണുണ്ടാക്കുക.
പ്രായമായതിന് ശേഷം ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്ന രീതി: പ്രായമാകുമ്പോഴാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ ഉപയോഗമെന്നാണ് ചിലരുടെ ധാരണ. അതുകൊണ്ട് തന്നെ അപ്പോള്‍ പോളിസി എടുത്താല്‍ മതിയെന്ന് വെച്ച് കാത്തിരിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരോഗ്യ കാര്യത്തില്‍ ആർക്കും ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ല. 45 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്കായി നിരവധി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് നിലവിലുണ്ട്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം നിങ്ങള്‍ക്ക് ഇണങ്ങുന്നവ തെരഞ്ഞെടുക്കേണ്ടതാണ്.