അബ്ബാസും ഹംസക്കുട്ടിയും ലക്ഷങ്ങൾ മുടക്കി; തിരുനാവായ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവർക്ക് ഇനി ചളിയിൽ ചവിട്ടണ്ട
മലപ്പുറം: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ ഇനി ചളിയിൽ ചവിട്ടി ബുദ്ധിമുട്ടേണ്ട. അബ്ബാസ് പുതുപറമ്പിലും ഹംസക്കുട്ടി ചെറുപറമ്പിലും ചേർന്ന് ഇന്റർലോക്ക് പതിപ്പിച്ച് അവിടമാകെ മനോഹരമാക്കുകയും അഞ്ച് ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തു. നാലു ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.
ഇരുവരും ബാല്യകൗമാരങ്ങളിൽ ഓടിക്കളിച്ച മണ്ണാണിത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ ചളിയിൽ ചവിട്ടി പ്രവേശിക്കുന്ന കാഴ്ച അബ്ബാസിനെയും ഹംസക്കുട്ടിയെയും വിഷമിപ്പിച്ചിരുന്നു. ഇരിക്കാൻ മതിയായ സൗകര്യമില്ലാത്തതിനാൽ പുഴയിലിറങ്ങുന്നവരുടെ വസ്ത്രങ്ങൾ പിടിച്ച് കരയിൽ നിൽക്കുന്ന കാഴ്ചകളും പതിവായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കേരള കൗമുദി പത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രശ്നപരിഹാരത്തിനായി ക്ഷേത്രമുറ്റത്തെ 1500 സ്‌ക്വയർ ഫീറ്റിൽ ഇന്റലോക്ക് പതിക്കാനും അഞ്ച് ഇരിപ്പിടങ്ങൾ നിർമിക്കാനുമുള്ള ആഗ്രഹം പ്രവാസികളായ ഇരുവരും ദുബായിയിലിരുന്നുതന്നെ ക്ഷേത്രക്കമ്മിറ്റിയുമായി പങ്കുവച്ചു. നാട്ടിലുള്ള സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. കഴിഞ്ഞ കർക്കടക വാവിനു മുമ്പേ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി. ബിസിനസുകാരായ ഇരുവരും 20 വർഷമായി കുടുംബസമേതം ദുബായിലാണ്.
ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് അരയാൽ മുതൽ പുഴക്കടവ് വരെയുള്ള സ്ഥലത്താണ് ഇന്റർലോക്ക് പതിച്ചത്. ആകെ 5000 സ്‌ക്വയർ ഫീറ്റാണ് ക്ഷേത്രമുറ്റം. ഇതിൽ മറ്റിടങ്ങളിലെല്ലാം ഇന്റർലോക്ക് ചെയ്തിരുന്നു. മഴ പെയ്താൽ ഇന്റർലോക്ക് ചെയ്യാത്തിടത്ത് വെള്ളം കെട്ടിനിന്ന് ക്ഷേത്രമുറ്റത്ത് ചളി നിറയും. ദുബായിലുള്ള ഇരുവരും നാട്ടിലെത്താൻ കാത്തുനിൽക്കാതെ വേഗത്തിൽ പണി പൂർത്തിയാക്കാൻ സുഹൃത്തായ മുനീർ നെല്ലിത്തൊടുവിലിനെ നിർമാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയായിരുന്നു.