നീളം കുറച്ചധികം കുറഞ്ഞാലെന്താ, വിലയിൽ കുറവില്ലല്ലോ; 9 കോടി രൂപ വിലയുള്ള ‘കുഞ്ഞൻ മരം’


ലോകത്തിലെ ഏറ്റവും വില കൂടിയ മരമേതാണ്? ഈ ചോദ്യത്തിന്റെ ഉത്തരം പലർക്കും അറിയാമായിരിക്കും. അത് ആഫ്രിക്കൻ ബ്ലാക്ക് വുഡ് എന്നറിയപ്പെടുന്ന ഡാൽബെർജിയ മെലനോക്സിലോൺ ആണ്. നല്ല നിലവാരമുള്ള “എ” ഗ്രേഡ് ആഫ്രിക്കൻ ബ്ലാക്ക് വുഡിന് വാണിജ്യ തടി വിപണിയിൽ ഉയർന്ന വിലയുണ്ട്.

എന്നാൽ സാക്ഷാൽ ആഫ്രിക്കൻ ബ്ലാക്ക് വുഡിനു പോലും വെല്ലുവിളി ഉയർത്തുന്ന മറ്റൊരു മരം കൂടിയുണ്ട്. വലുപ്പത്തിൽ ആഫ്രിക്കൻ ബ്ലാക്ക് വുഡിനോളം വരില്ലെങ്കിലും വിലയിൽ ഒട്ടും പിന്നിലല്ല ഈ മരം. പറഞ്ഞു വരുന്നത് ബോൺസായ് ഇനത്തിൽപെട്ട മരത്തെ കുറിച്ചാണ്. ജപ്പാനീസ് ബോൺസായ് ട്രീ. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ജപ്പാനീസ് ബോൺസായ് ട്രീയും. കാലപ്പഴക്കം കൂടുന്തോറും കുഞ്ഞൻ മരത്തിന്റെ വിലയും കുത്തനെ ഉയരും.

വൻമരങ്ങളുടെ രൂപമോ ഭംഗിയോ നഷ്ടപ്പെടാതെ ഒരു ചെറിയ ചെടിച്ചട്ടിയിൽ വളർച്ച നിയന്ത്രിച്ച് പരിപാലിക്കുന്ന രീതിക്കാണ് ബോൺസായ് എന്ന് പറയുന്നത്. ഇക്കൂട്ടത്തിലെ വിലകൂടിയ താരമാണ് ജപ്പാനീസ് പൈൻ ബോൺസായ് ട്രീ. ജപ്പാനിലെ തകാമത്സുവിൽ നടന്ന അന്താരാഷ്ട്ര ബോൺസായ് കൺവെൻഷനിൽ 9 കോടി രൂപ വിലയുള്ള ജപ്പാനീസ് പൈൻ ബോൺസായ് ട്രീ ആയിരുന്നു ശ്രദ്ധാകേന്ദ്രം.

ഇനം, പ്രായം, തൊടിയും ചില്ലകളും വളയ്ക്കാൻ ഉപയോഗിക്കുന്ന സാങ്കേതികത എന്നിവയെ ആശ്രയിച്ചാണ് ബോൺസായ് മരങ്ങളുടെ വില ലക്ഷങ്ങളും കോടികളും കടക്കുന്നത്. ലോകത്ത് വില കൂടിയ പല ബോൺസായ് മരങ്ങളും തടിയുടെ പേരിലല്ല, മറിച്ച് അതിന്റെ പ്രായമാണ് വില നിശ്ചയിക്കുന്നതിൽ പ്രധാന ഘടകം. ശാഖകളുടെ സങ്കീർണ്ണമായ പാറ്റേണുകളിലൂടെ ബോൺസായ് മരങ്ങളുടെ പ്രായം കണക്കാക്കാനാകും.

വർഷങ്ങളുടെ പരിശീലനവും അറിവും അർപ്പണബോധവുമുണ്ടെങ്കിൽ മാത്രമേ ബോൺസായ് പരിപാലനം സാധ്യമാകുകയുള്ളൂ. പാടുകളും കേടുപാടുകളും ഇല്ലാതെ ഒരു ബോൺസായി ചെടിയെ വളർത്തണമെങ്കിൽ വർഷങ്ങളുടെ ക്ഷമയും കാത്തിരിപ്പും വേണം. ഇതാണ് ജപ്പാനീസ് ബോൺസായ് മരങ്ങളുടെ മൂല്യം വർധിപ്പിക്കുന്നത്. വർഷങ്ങളോളം ശ്രദ്ധാപൂർവമായ പരിപാലനവും ചെലവും ഇതിനുണ്ട്. നൂറ്റാണ്ടുകൾ പ്രായമുള്ള ബോൺസായ് മരങ്ങൾ ഇല്ലാതാകാൻ ചെറിയൊരു അശ്രദ്ധയോ പിശകോ മതി.

ബോൺസായ് പരിപാലനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാനിലെ യമാക്കി കുടുംബം പരിപാലിച്ച 400 വർഷം പഴക്കമുള്ള വൈറ്റ് പൈൻ ബോൺസായ് മരം. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകളെ അതിജീവിച്ച കഥയും ഈ കുഞ്ഞൻ വൃക്ഷത്തിനുണ്ട്.