മുടി കൊഴിച്ചില്‍ അകറ്റാനായി കറ്റാര്‍വാഴ | hair, aloevera, Latest News, News, Life Style


ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.

തലയോട്ടിയിലെ ചൊറിച്ചിൽ, മുടി പൊട്ടുക എന്നിവ കറ്റാർവാഴ ഉപയോഗിച്ച് കുറയ്ക്കാം. കറ്റാർവാഴ തലയോട്ടിയിലും മുടിയിലും ഒരു സംരക്ഷണ പാളി ഉണ്ടാക്കാൻ സഹായിക്കുന്നു, മലിനീകരണം, പൊടി, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ പോലുള്ള ബാഹ്യ ഘടകങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഈർപ്പം മുടിയുടെ അവസ്ഥ നിലനിർത്താനും അവശ്യ പോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കറ്റാർ വാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ കുറയ്ക്കാൻ  സഹായിക്കും.

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ആരോ​ഗ്യത്തോടെ വളരാനും ഈ പാക്ക് ​ഗുണം ചെയ്യും.

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നൽകാനും മൃദുത്വം നൽകാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും. ‌‌