ഓര്‍മ്മശക്തി കുറയുന്നുവോ? കാരണങ്ങള്‍ കണ്ടെത്താം

ഇന്നത്തെ കാലത്ത്‌ മിക്കവരുടെയും പ്രശ്‌നമാണ് മറവി. ചിലര്‍ക്ക് പ്രായമാകും തോറുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുള്ളത് എങ്കിൽ, ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മിക്കവരിലും കണ്ടു വരുന്നു. ഇത്തരം മറവികള്‍ ഒരുപരിധി വരെ നമ്മള്‍ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കുവാന്‍ സാധിക്കുന്നവയാണ്.

അമിതമായി സെട്രസ്സ് അനുഭവിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മറവി. നല്ല ടെന്‍ഷനോ, അതുമല്ലെങ്കില്‍ അമിതമായ ആകാംഷ, ഡിപ്രഷന്‍, ഇവയെല്ലാം മെമ്മറി പവറിനെ കുറയ്ക്കുന്ന ഘടകങ്ങളാണ്.  നമ്മളുടെ മെന്റല്‍ ഹെല്‍ത്ത് നല്ലതല്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തേയും ഓര്‍മ്മ ശക്തിയേയും കാര്യമായി ബാധിക്കും.

നന്നായി മദ്യപിച്ചിട്ടും എനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ല എന്ന് കരുതുന്നവരാണ് മിക്കവരും. എന്നാല്‍, ഇവരില്‍ പ്രധാനമായും കണ്ടുവരുന്ന അധികം ശ്രദ്ധിക്കാത്ത ഒരു പ്രശ്‌നമാണ് മറവി രോഗം എന്നത്. സ്ഥിരമായി ഡോസ്‌ കൂടിയ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉണ്ട്. ഇവരിലും മറവി രോഗം കൂടുതലായി കണ്ടുവരുന്നു. മരുന്നുകള്‍ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും, പതിയെ മറവി രോഗം ഇവരില്‍ വേരുറപ്പിക്കും. വൈറ്റമിന്‍ ബി-12ന്റെ അഭാവവും നമ്മുടെ ഓർമ്മശക്തിയെ ബാധിച്ചേക്കാം.