തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. കൊഴുപ്പും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും.
95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ഇവ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍ തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്.
മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തനും തേനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനും എടുക്കുക. ശേഷം ഇവ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്യാം. ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും.
വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ – ചെറുനാരങ്ങ ഫേസ് പാക്ക്. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാ വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.