ദിവസവും എത്ര തവണ കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നറിയാം

രാജ്യത്തെ പല സംസ്ഥാനങ്ങളിലും വേനല്‍ കടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലും മറ്റുമുളള ഉഷ്ണതരംഗം കേരളത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് സംസ്ഥാനത്തിന്റെയും താപനില. ഉയരുന്ന താപനിലയില്‍ അല്‍പ്പം ആശ്വാസം ലഭിക്കാനായി പല മാര്‍ഗങ്ങളും നാം സ്വീകരിക്കുന്നു. അതിലൊന്നാണ് രണ്ട് മൂന്നും നേരമുളള കുളി. ദിവസവും ഒരു തവണ കുളിക്കാന്‍ മടിയുളളവര്‍ പോലും ഈ ചൂട് കാലത്ത് രണ്ടും മൂന്നും തവണ കുളിച്ചുപോകും. എന്നാല്‍ ഒരു ദിവസം എത്ര തവണ കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. യഥാര്‍ത്ഥത്തില്‍, ഒരു ദിവസം എത്ര തവണ കുളിക്കണം എന്നത് നിങ്ങളുടെ ജീവിതശൈലി, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥ, നിങ്ങളുടെ ആരോഗ്യാവസ്ഥ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഒരു ദിവസം എത്ര തവണ കുളിക്കണം

ദിവസത്തില്‍ ഒരിക്കലെങ്കിലും കുളിക്കണമെന്നാണാണ് പൊതുവെ ശുപാര്‍ശ ചെയ്യുന്നത്. ചൂട് കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്നിലധികം തവണ കുളിക്കേണ്ടി വന്നേക്കാം. എന്നാല്‍ മിക്ക വിദഗ്ധരും ദിവസത്തില്‍ ഒരു തവണയോ, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ കുളിക്കാനുമാണ് ശുപാര്‍ശ ചെയ്യുന്നത്. കാരണം, ഇടയ്ക്കിടെ കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യും ഇത് പിന്നീട് ചൊറിച്ചില്‍ ഉള്‍പ്പെടെ ഉണ്ടാക്കുകയും ചെയ്യുന്നു.

എത്ര നേരം കുളിക്കണം

പരമാവധി 10 മിനിറ്റ് നേരം കുളിക്കുക. ചൂട് അസഹനീയമാണെങ്കില്‍ ഒരു ദിവസം മൂന്ന് തവണ വരെ കുളിക്കാം, എന്നാല്‍ അതില്‍ കൂടുതല്‍ കുളിക്കരുത്. ഒരുപാട് തവണ കുളിക്കുന്നത് ചര്‍മ്മത്തെ ദോഷമായി ബാധിക്കാനും സാധ്യതയുണ്ട്. കുറച്ച് സമയമെടുത്ത് കുളിക്കുന്നതിലൂടെ വെള്ളം ലാഭിക്കാനുമാകും.