സ്ഥിരമായി മാസങ്ങളോളം ഒരു സ്ക്രബർ തന്നെ ഉപയോ​ഗിക്കുന്നവർ അറിയാൻ

സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണ് പലരും സ്ക്രബർ കളയുന്നത്.

ചിലർ രാത്രി മുഴുവൻ അതു സോപ്പുപതയിൽ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകും. സ്ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താൽ അതു കോടികൾ വരും. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തിൽ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തുന്നത്. രക്തത്തിൽ അണുബാധ, ശ്വാസകോശരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, വയറിളക്കം തുടങ്ങി പലതരം രോഗങ്ങൾ സ്ക്രബറിൽ വളരുന്ന ഫംഗസ് ഉണ്ടാക്കും.

സ്ക്രബറിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണമെഴുക്ക്, സ്ക്രബറിലെ നനവ് എന്നിവയെല്ലാം ചേർന്നാണ് ഫംഗസിനു വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്ക്രബർ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷിൽ നിന്നു മാറ്റി ഉണങ്ങിയ ട്രേയിൽ വയ്ക്കുക. സോപ്പ് ഡിഷിൽ ഇരിക്കുമ്പോൾ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെ ആകുന്നു. ചൂടുവെള്ളത്തിൽ രണ്ടു സ്പൂൺ വിനാഗിരിയും അൽപം ബേക്കിങ് സോഡയും ചേർക്കുക. സ്ക്രബർ ഇതിൽ 15 മിനിറ്റ് നേരം മുക്കി വയ്ക്കുകയാണെങ്കിൽ അണുക്കൾ ഒരു പരിധി വരെ നശിക്കും.