കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. കേസില്‍ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.
2023 നവംബറില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവര്‍ ചേര്‍ന്ന് ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. 4 പ്രതികള്‍ ഉണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെ കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് തുടരന്വേന്വേഷണ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാനിരിക്കെയുള്ള അസാധാരണ നടപടിയില്‍ മുഖ്യമന്ത്രിയും ഡിജിപിയും അതൃപ്തി അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഇത് കാരണമാകും എന്നതായിരുന്നു വിമര്‍ശനം. ഇന്ന് അപേക്ഷ പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തുടര്‍ അന്വേഷണം അംഗീകരിച്ചു. ഒന്നാം പ്രതി പത്മകുമാറിന്റെയും രണ്ടാം പ്രതി അനിതകുമാരിയുടെയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു. അനിതകുമാരിക്ക് ജാമ്യം നല്‍കി. മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.