അറിവിന്റെ വെളിച്ചമാകുന്നവർക്കായി ഒരു ദിനം: ഇന്ന് ദേശീയ അധ്യാപക ദിനം


ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000 മണിക്കൂർ
അധ്യാപകർക്കൊപ്പം ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലത്ത് ഓരോ മനുഷ്യന്റെയും വഴികാട്ടികളാണ് അധ്യാപകർ..

പല രാജ്യങ്ങളിലും പല ദിവസങ്ങളിലായാണ് അധ്യാപക ദിനം ആചരിക്കുന്നതും ആഘോഷിക്കുന്നതും. ഇന്ത്യയിൽ അത് സെപ്റ്റംബർ 5നാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി അധ്യാപക ദിനം ആഘോഷിച്ചത് 1962 സെപ്റ്റംബർ 5നാണ്. ജീവിതത്തിലെ പല സാഹചര്യങ്ങളും നേരിടാൻ അവർ തന്ന വിലയേറിയ ഉപദേശങ്ങളും, ഒരു വിളിക്കപ്പുറം തങ്ങളുണ്ടെന്ന ആത്മവിശ്വാസവും നാം ഓരോരുത്തരുടെ ജീവിതത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ടാകും

അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു. നമ്മുടെ ജീവിതം മെച്ചപ്പെട്ടതാക്കാൻ ഓരോ അധ്യാപകരും നടത്തിയ പരിശ്രമങ്ങളെയും ആദരിക്കുകയും അംഗീകരിക്കുകയുമാണ് അധ്യാപക ദിനം ആചരിക്കുന്നതിലൂടെ എല്ലാ വർഷവും നാം ചെയ്യുന്നത്.

രാജ്യമൊട്ടാകെ ഈ ദിനം ആഘോഷിക്കുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്ന അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ഓരോ വിദ്യാർത്ഥിയും അധ്യാപക ദിനം ആഘോഷിക്കുന്നു.