പി.വി അൻവർ എംഎൽഎ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് എംഎൽഎ പാർട്ടി സെക്രട്ടറിക്ക് കൈമാറും. മുഖ്യമന്ത്രിയെ കണ്ട ശേഷമുള്ള പി വി അൻവറിന്റെ വാക്കുകൾ പരസ്യപ്രതികരണങ്ങളിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കുന്നതായിരുന്നു.
സഖാവ് എന്ന നിലക്ക് തന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കിയെല്ലാം മുഖ്യമന്ത്രിക്കും പാർട്ടിക്കും വിടുന്നുവെന്നുമാണ് പി വി അൻവർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരായ നിലപാടും മയപ്പെടുത്തി. മുഖ്യമന്ത്രി അൻവറിനെ നിശബ്ദനാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി,ക്രമസമാധാന ചുമതലയുള്ള ADGP എം ആർ അജിത്കുമാർ എന്നിവർക്കെതിരെ നടപടിയെടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി കണ്ടെത്തിയ ഫോർമുലയാണ് അൻവറുമായുള്ള ചർച്ചയെന്നും ആക്ഷേപമുണ്ട്. പി വി അൻവർ പിൻവലിഞ്ഞാലും അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾ ഏറ്റുപിടിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിനിടെ എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്. ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി വി അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ കീഴിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലംഗ സംഘമാണ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.