സ്വർണ്ണം തിളക്കം കൂട്ടാമെന്ന് വാഗ്ദാനം നൽകിസംഘം വീട്ടിലെത്തി, തിരിച്ചുകിട്ടിയപ്പോള്‍ ഒരു പവന് കുറവ്: പരാതി
കുട്ടനാട്: ലോഹങ്ങളുടെ തിളക്കം കൂട്ടി നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു. മങ്കൊമ്പ് അറുപതിന്‍ച്ചിറ കോളനിയില്‍ ആതിരഭവനില്‍ തുളസി അനിലിന്റെ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് സംഘം കവര്‍ന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ തിളക്കംകൂട്ടി നല്‍കാമെന്നു പറഞ്ഞ് ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വീട്ടിലെത്തുകയായിരുന്നു. കൊച്ചുമകളുടെ വെള്ളി പാദസരം തിളക്കംകൂട്ടി നല്കി. തുടര്‍ന്ന് തുളസി ഒന്നര പവന്റ് താലി മാലയും നല്കി. മാല ഒരു ലായനിയില്‍ മുക്കിയ ശേഷം കടലാസില്‍ പൊതിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമെ തുറക്കാവു എന്ന് പറഞ്ഞു നല്‍കുകയായിരുന്നു.
അമ്പത് രൂപയാണ് ഇരുവര്‍ക്കും കൂലി നല്‍കിയത്. പൊതി അഴിച്ചുനോക്കിയപ്പോള്‍ തൂക്കം കുറഞ്ഞുവെന്നാണ് വീട്ടമ്മയുടെ അവകാശവാദം. തുടര്‍ന്ന് പൂങ്കുന്ന് പൊലീസില്‍ പരാതി നല്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.