വാളുമായി കാറില്‍ നിന്ന് ചാടിയിറങ്ങുന്ന സംഘം, സിസിടിവി ദൃശ്യം പുറത്ത്; ആലുവ ഗുണ്ടാ ആക്രമണത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍


കൊച്ചി: ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്ത് അംഗത്തെയടക്കം 6 പേരെ ആക്രമിച്ച ഗുണ്ടാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരു ബൈക്കിലും കാറിലുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഒരാളുമാണ് പിടിയിലായത്.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. ആയുധങ്ങളുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബൈക്ക് നിര്‍ത്തി ഒരാള്‍ ഇറങ്ങി വരുന്നതും മുന്നോട്ട് പോയ കാര്‍ തിരികെ വരുന്നതും അതില്‍ നിന്നും ആയുധങ്ങളുമായി സംഘം ഇറങ്ങുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.

 

കൃത്യത്തില്‍ നേരിട്ട് പങ്കുളള സിറാജ്, സനീര്‍, ഫൈസല്‍ എന്നിവരും ഗൂഢാലോചനയില്‍ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്.